ബംഗളൂരുവിൽ ഒരു ദിവസം ഒരു ബക്കറ്റ് വെള്ളം മാത്രം
ബംഗളൂരു:ലോകത്തെ ഏറ്റവും വലിയ ഐ.ടി.നഗരമായ ബംഗളൂരുവിൽ കടുത്ത കുടിവെള്ള ക്ഷാമം. ഒരു കുടുംബം ഒരു ദിവസം ഒരു ബക്കറ്റ് വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സർക്കാർ നിർദേശം. 67000 ഐ.ടി.കമ്പനികളും അതിലെ 22 ലക്ഷത്തോളം ജീവനക്കാരും വലയുന്നു.ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം. മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും ദുരിതത്തിലാണ്. മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. വിദേശികൾ തിരിച്ചുപോകുന്നു. ആശുപത്രികളിൽ ജലക്ഷാമം രൂക്ഷം. സ്കൂളുകൾക്ക് വെക്കേഷൻ . മറ്റുജില്ലകളിലെ കുഴൽക്കിണറുകളിൽ നിന്നു ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. സമ്പന്നർ വൻവിലകൊടുത്ത് വെള്ളം ശേഖരിക്കുന്നുണ്ട്. അതിനനുസരിച്ച് വിലയും കുതിക്കുന്നു.
ടാങ്കർ മാഫിയ ഒരു ടാങ്കർ വെള്ളത്തിന് 2500മുതൽ 3000രൂപവരെ ഈടാക്കുന്നുണ്ട്. കൊള്ള തടയാൻ ജില്ലാ ഭരണകൂടം നിരക്ക് നിശ്ചയിച്ചു.അഞ്ച് കിലോമീറ്ററിനുള്ളിൽ വിതരണം ചെയ്യുന്ന 1200 ലിറ്റർ ടാങ്കറിലെ വെള്ളത്തിന് 1000രൂപയും 10 കിലോമീറ്ററിനുള്ളിലാണെങ്കിൽ 1200രൂപയുമാണ് ജി.എസ്.ടി ഉൾപ്പെടെ നിരക്ക്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുമാരകൃപയിലെ ഔദ്യോഗിക മന്ദിരത്തിലേക്ക് ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്.
കുടിവെള്ളം റേഷനായി
#റസിഡന്റ് അസോസിയേഷനുകളിൽ പൊതുവിതരണത്തിലൂടെ ഒരു കുടുംബത്തിന് ഒരു ബക്കറ്റ് വെള്ളമാണ് നൽകുന്നത്.
#വെളളം പാഴാക്കിയാൽ 5000രൂപ പിഴ
# ടാങ്കറുകൾ അമിത നിരക്ക് വാങ്ങിയാൽ 20000രൂപ പിഴ
# ഫ്ളാറ്റുകൾ വാങ്ങാനും വാടകയ്ക്ക് എടുക്കാനും ആളില്ല.
# ഹോട്ടലുകളിൽ ഡിസ്പോസിബിൾ പാത്രങ്ങളിൽ ഭക്ഷണം.
കാവേരി വറ്റിയതും തടാകങ്ങൾ
നികത്തിയതും തിരിച്ചടിയായി
ഫ്ളാറ്റുകൾ നിറഞ്ഞതോടെ നഗരത്തിലെ 270 തടാകങ്ങളിൽ 180 എണ്ണവും നികത്തി.ഇതോടെയാണ് ഭൂഗർഭജലനിരപ്പ് താഴ്ന്നതെന്നാണ് ആക്ഷേപം.നിലവിൽ 81തടാകങ്ങളേയുള്ളൂ. വെള്ളം കിട്ടാതായതോടെ ഫ്ളാറ്റുകളുടെ വിലയും ഇടിഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 920മീറ്റർ ഉയരത്തിലുള്ള ബംഗളൂരു നഗരത്തിൽ 40 മുതൽ 90 അടിവരെ കുഴിച്ചാലാണ് വെള്ളംകിട്ടുക.
55 കോടി ലിറ്റർ ജലം കുഴൽകിണറുകളിൽ നിന്നാണ് .10995 കുഴൽകിണറുകളിൽ 1214 എണ്ണത്തിലും വെള്ളമില്ല. 3700എണ്ണം ഒരാഴ്ചക്കുള്ളിൽ വറ്റുമെന്നാണ് റിപ്പോർട്ട്.
# 6000 ലേ ഔട്ടുകളിലായി ഒന്നരകോടിയിലേറെ ജനങ്ങളുണ്ട്. ദിവസം 200 കോടിലിറ്റർ വെള്ളം വേണം. 145 കോടി ലിറ്റർ കാവേരിനദിയിൽ നിന്നാണ്.കാവേരിയിൽ വെള്ളം കുറഞ്ഞതോടെ നഗരത്തിലെ 600 ജലശുദ്ധീകരണ പ്ളാന്റുകളിൽ 420 എണ്ണവും പ്രവർത്തിക്കുന്നില്ല. ശേഷിക്കുന്നവയിൽ നിന്ന് ദിവസം രണ്ടുമുതൽ നാലുമണിക്കൂർ വരെയാണ് ജലവിതരണം.