'ഞാൻ വിജയിച്ചില്ലെങ്കിൽ അമേരിക്കയിലെ ജനങ്ങൾ ഇനി മറ്റൊരു തിരഞ്ഞെടുപ്പ് കാണില്ല'; രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്

Sunday 17 March 2024 10:21 AM IST

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

എന്നാൽ, എന്തിനെ സംബന്ധിച്ചാണ് ട്രംപിന്റെ രക്തച്ചൊരിച്ചിൽ പരാമർശം എന്നത് വ്യക്തമല്ല. മെക്‌സിക്കോയിൽ കാർ നിർമാണം നടത്തി അമേരിക്കയിൽ വിഷക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമർശിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത്.

'ഞാൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലാകും സംഭവിക്കാൻ പോകുന്നത്. അത് രാജ്യത്തിന് വേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷേ അവർ കാറുകൾ വിൽക്കാൻ പോകുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ എനിക്ക് വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾ മറ്റൊരു തിരഞ്ഞെടുപ്പ് കാണുമോ എന്ന കാര്യം സംശയമാണ്. ജോ ബൈഡൻ ഏറ്റവും മോശം പ്രസിഡന്റാണ്. ബൈഡൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സാമൂഹിക സുരക്ഷ ഇല്ലാതാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അദ്ദേഹം തകർത്തുകൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയിൽ മെഡികെയർ കൂടി ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലെ മുതിർന്ന പൗരന്മാർ വലിയ പ്രതിസന്ധിയിലാകാൻ പോവുകയാണ്. സാമൂഹിക സുരക്ഷയും മെഡികെയറും നിലനിർത്താമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.' - ട്രംപ് പറഞ്ഞു.

Advertisement
Advertisement