യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട നിലയിൽ

Monday 18 March 2024 1:53 AM IST

വാഷിംഗ്ടൺ: യു.എസിലെ ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 11ന് കാട്ടിൽ കാറിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ലാപ്ടോപ്പും പണവും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അഭിജിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ,​ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബോസ്​റ്റൺ സർവകലാശാലയിലെ എൻജിനിയറിംഗ് ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിജിത്തിന് സഹപാഠികളിൽ ആരെങ്കിലുമായി തർക്കമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് അഭിജിത്ത് യു.എസിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം. ക്ലാസ് കഴിഞ്ഞ് തിരികെ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സമീപത്തെ കാട്ടിൽ കാറിനുള്ളിൽ അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരുചുരി ചക്രധർ - ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് അഭിജിത്ത്. അന്വേഷണം തുടരുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.

അതേസമയം,​ ഇക്കൊല്ലം യു.എസിൽ ആത്മഹത്യ, മയക്കുമരുന്ന് ഉപയോഗം, അപകടം തുടങ്ങിയ വിവിധ കാരണങ്ങളാൽ ഒമ്പതോളം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജനുവരിയിൽ ജോർജിയയിൽ ഹരിയാന സ്വദേശിയായ 25കാരനെ യാചകൻ ചു​റ്റിക കൊണ്ട് അടിച്ചുകൊന്നിരുന്നു.

Advertisement
Advertisement