മൂന്നാം ലോകമഹായുദ്ധം അത്ര അകലെയല്ലെന്ന് പുടിൻ; റഷ്യൻ പ്രസിഡന്റിന്റെ മുന്നറിയിപ്പിൽ ആശങ്കയോടെ രാജ്യങ്ങൾ

Monday 18 March 2024 7:59 AM IST

മോസ്‌കോ: അഞ്ചാം തവണയും പ്രസിഡന്റാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാ‌ഡിമിർ പുടിൻ. റഷ്യൻ സൈന്യവും നാറ്റോ സഖ്യവും തമ്മിൽ നേരിട്ടുള്ള സംഘർഷം കാരണം ലോകം മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് അൽപം മാത്രം അകലെയാണെന്നാണ് പുടിൻ അഭിപ്രായപ്പെട്ടത്. എന്നാൽ ആരും അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നില്ലെന്നും റഷ്യൻ പ്രസി‌ഡന്റ് അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഭാവിയിൽ യുക്രെയിനിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം പറയാനാകില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുടിന്റെ അഭിപ്രായ പ്രകടനം. നാറ്റോ സഖ്യസേന റഷ്യൻ സൈന്യവുമായുള്ള സംഘർഷം വഴി മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ഒരുപടി കൂടുതൽ അടുക്കുന്നതായും എന്നാൽ ആരും അക്കാര്യം ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ ആധുനിക ലോകത്ത് എന്തും സാദ്ധ്യമാണെന്നുമാണ് പുടിൻ പറഞ്ഞത്.

യുക്രെയിനിൽ അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോയുടെ സൈനികർ ഉണ്ടെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. സൈനികർ ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകൾ സംസാരിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം നിരവധി സൈനികർ അവിടെ മരിച്ചതായും അദ്ദേഹം അറിയിച്ചു.

എട്ട് വർഷത്തോളമായി തുടർന്ന അഭിപ്രായ വ്യത്യാസത്തിന് ശേഷം 2022 ഫെബ്രുവരിയിലാണ് റഷ്യ അയൽരാജ്യമായ യുക്രെയിനെ കടന്നാക്രമിക്കാൻ തുടങ്ങിയത്. ഈ പ്രശ്‌‌നം ഇപ്പോഴും അവസാനിച്ചിട്ടുമില്ല. ഇതിനിടെയാണ് പുടിന്റെ മുന്നറിയിപ്പ്. ഇതിനിടെ റഷ്യയിൽ മൂന്ന് ദിവസം നീണ്ട പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഇന്നലെ പൂർത്തിയായി. 71കാരനായ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അഞ്ചാം തവണയും ഭരണത്തുടർച്ച നേടുമെന്നാണ് സർവേ ഫലം. ഫലസൂചനകൾ ഇന്ന് പുലർച്ചെയോടെ വന്നുതുടങ്ങും.

അതേസമയം, വോട്ടെടുപ്പിന്റെ അവസാന ദിനമായ ഇന്നലെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെ 17 നഗരങ്ങളിൽ നിന്ന് 74 പേർ അറസ്റ്റിലായി. കഴിഞ്ഞ മാസം ജയിലിൽ വച്ച് മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അനുയായികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുട്ടിനെതിരെ ' നൂൺ എഗെൻസ്റ്റ് പുട്ടിൻ ' എന്ന പേരിൽ അണിനിരക്കണമെന്ന് നവാൽനിയുടെ ഭാര്യ യൂലിയ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരുന്നു.