ഡൽഹി മദ്യനയ അഴിമതിക്കേസ്,​ കെ കവിത ആംആദ്മി നേതാക്കൾക്ക് നൽകിയത് 100 കോടിയെന്ന് ഇ ഡി

Monday 18 March 2024 9:19 PM IST

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആ‍ർ.എസ് നേതാവ് കെ. കവിത ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറു കോടി നൽകിയെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള ആംആദ്മി പാർട്ടിയുടെ ഉന്നതനേതാക്കളുമായി ഗൂഢാലോചന നടത്തിയതായും ഇ.ഡി ആരോപിച്ചു.

ശനിയാഴ്ച ഇ,​ഡി കസ്റ്റഡിയിൽ എടുത്ത കവിതയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. മൊത്തക്കച്ചവടക്കാരിൽ നിന്ന് കിക്ക് ബാക്ക് രൂപത്തിൽ അനധികൃത ഫണ്ടുകൾ എ,​എ,​പിക്ക് വേണ്ടി സൃഷ്ടിച്ചുവെന്നും ഇ.ഡി ആരോപിച്ചു.

ഹൈദരാബാദിലെ വീട്ടിൽ ശനിയാഴ്ച നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഹാജരാക്കി മാർച്ച് 23 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. എ.എ.പി നേതാക്കളായ മനീഷ് സിസോദിയ,​ സഞ്ജയ് സിംഗ്,​ വിജയ് നായർ എന്നിവരടക്കം 15 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇതുവരെ 128.79 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും ഇ.ഡി തിങ്കളാഴ്ച അറിയിച്ചു.