 റഷ്യയിൽ പുട്ടിന് അഞ്ചാമൂഴം --- മൂന്നാം ലോകയുദ്ധം അരികിലെന്ന് പുട്ടിൻ

Tuesday 19 March 2024 7:12 AM IST

മോസ്കോ: മൂന്നാം ലോക മഹായുദ്ധം ഒരുപടി മാത്രം അകലെയെന്ന് യു.എസിന് മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റായി തുടർച്ചയായ അഞ്ചാം തവണ അധികാരത്തിലെത്തിയ വ്ലാഡിമിർ പുട്ടിൻ. യുക്രെയിനെ സഹായിക്കാൻ നാറ്റോ സൈന്യമെത്തിയേക്കുമെന്ന സൂചന ശക്തമാകെയാണ് മുന്നറിയിപ്പ്.

രാജ്യത്തെ അഭിസംബോധ ചെയ്യുകയായിരുന്നു പുട്ടിൻ. 2030വരെ അധികാരത്തിൽ തുടരും. മേയ് 7നാണ് സത്യപ്രതിജ്ഞ.

റഷ്യൻ ജനതയ്ക്ക് നന്ദിയറിയിച്ച പുട്ടിൻ, രാജ്യത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് പറഞ്ഞു. യുക്രെയിനിൽ അധിനിവേശം തുടരും. റഷ്യൻ ജനാധിപത്യം യു.എസിനേക്കാൾ നിയമാനുസൃതമാണെന്നും പറഞ്ഞു.

പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തിൽ പുട്ടിൻ ആദ്യമായി പ്രതികരിച്ചതും ശ്രദ്ധേയമായി. മരണം ദൗർഭാഗ്യകരമായെന്നും പാശ്ചാത്യ ജയിലുകളിലുള്ള റഷ്യൻ തടവുകാരുടെ മോചനത്തിന് പകരം നവാൽനിയെയും മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

റെക്കാഡ് ഭൂരിപക്ഷത്തോടെയാണ് പുട്ടിൻ വീണ്ടും അധികാരത്തിലെത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച മൂന്ന് ദിനം നീണ്ട പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ 87 ശതമാനത്തിലേറെ വോട്ടാണ് 71കാരനായ പുട്ടിൻ നേടിയത്. യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ, ഖേഴ്സൺ, ലുഹാൻസ്ക്, ഡൊണെസ്ക് മേഖലകളിലും ക്രൈമിയയിലും വോട്ടെടുപ്പ് നടന്നിരുന്നു.

 അപലപിച്ച് പാശ്ചാത്യ ലോകം

പുട്ടിന്റെ ജയത്തെ യു.എസ്,​ യു.കെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. തിരഞ്ഞെടുപ്പ് സുതാര്യമോ സ്വതന്ത്രമോ അല്ല. എതിരാളികളെ മുഴുവൻ ജയിലിലടച്ചു. അല്ലെങ്കിൽ അവർ കൊല്ലപ്പെട്ടു. പുട്ടിന്റെ മൂന്ന് എതിർ സ്ഥാനാർത്ഥികളും ഭരണകൂടത്തിന്റെ ' ഡമ്മികൾ' മാത്രമാണെന്നും ഇവർ ആരോപിക്കുന്നു.

 ആധുനിക സ്റ്റാലിൻ

ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുട്ടിൻ. 1953 വരെയുള്ള 29 വർഷം സ്റ്റാലിൻ സോവിയറ്റ് യൂണിയൻ ഭരിച്ചു. വരുന്ന ആറ് വർഷം പുട്ടിൻ ഭരണം പൂർത്തിയാക്കിയാൽ സ്റ്റാലിന്റെ റെക്കാഡ് മറികടക്കും (30 വർഷം തികയ്ക്കും ). ആറാം ടേം കൂടി ലഭിച്ചാൽ 1762 മുതൽ 34 വർഷം ഭരിച്ച കാതറിൻ II ചക്രവർത്തിനിയുടെ റെക്കാഡും പുട്ടിൻ മറികടക്കും.

 23ാം വയസിൽ സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയിൽ സീക്രട്ട് ഏജന്റ്

 സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ സെന്റ് പീറ്റേഴ്സ്ബർഗ് മേയറുടെ വിദേശകാര്യ ഉപദേഷ്ടാവ്

 1998ൽ കെ.ജി.ബിയുടെ പരിഷ്കരിച്ച രൂപമായ എസ്.എസ്.ബിയുടെ തലപ്പത്തെത്തി

 1999ൽ ബോറിസ് യെൽറ്റ്‌സിന് കീഴിൽ പ്രധാനമന്ത്രിയായി പിന്നീടുള്ള 24 വർഷം പ്രസിഡന്റ്, പ്രധാനമന്ത്രി പദവി

 2036 വരെ അധികാരത്തിൽ തുടരുന്നതിനുള്ള ഭരണഘടനാ ഭേദഗതിയിൽ 2021ൽ പുട്ടിൻ ഒപ്പിട്ടു

ഫലം

 വ്ലാഡിമിർ പുട്ടിൻ

( സ്വതന്ത്രൻ )​ - 87.28%

 നികലൊയ് ഖാറിറ്റോനോവ്

( കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് റഷ്യൻ ഫെഡറേഷൻ ) - 4.31%

 വ്ലാഡിസ്ലാവ് ഡാവൻകോവ്

( ന്യൂ പീപ്പിൾ പാർട്ടി) - 3.85%

 ലിയനിഡ് സ്ലറ്റ്സകി

( ലിബറൽ ഡെമോക്രാറ്റിക് പാർട്ടി) - 3.20%

Advertisement
Advertisement