കടുക്കുന്ന വേനലും ജലക്ഷാമവും

Wednesday 20 March 2024 12:43 AM IST

കടുത്ത വേനലിലൂടെയാണ് നാട് കടന്നുപോകുന്നത്. ചില ജില്ലകളിൽ 39 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയരുന്നു. പല നഗരങ്ങളിലും ഇതിന്റെ ഭാഗമായി കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നദികളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്‌ന്നുകൊണ്ടിരിക്കുന്നു. ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ കുടിവെള്ളം പൂർണമായി ലഭിക്കാത്ത സ്ഥിതിയാവും ഉണ്ടാവുക. സൂര്യാഘാതം, സൂര്യതാപം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതുകൊണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുകൊണ്ടു മാത്രമായില്ല. സൂര്യാഘാതമേൽക്കുന്നവർക്കും കടുത്ത വേനൽ കാരണം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നവർക്കും മതിയായ ചികിത്സ നൽകാൻ താലൂക്ക്, ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രത്യേക കേന്ദ്രങ്ങൾ തുറക്കാനും നടപടി ഉണ്ടാകണം.

തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന നിർമ്മാണ തൊഴിലാളികളുടെ ജോലി സമയം തൊഴിൽ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇത് പലയിടത്തും പാലിക്കാറില്ല. മാത്രമല്ല,​ മതിയായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് പലയിടത്തും തൊഴിലാളികൾ ജോലിചെയ്യുന്നത്. നിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പരിശോധനകളും ആവശ്യമാണ്. ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള റോഡുവക്കിലെ മരങ്ങളെല്ലാം മുറിച്ചത് വേനലിന്റെ ആഘാതം ഇരട്ടിപ്പിക്കാൻ ഇടയാക്കിയിരിക്കുകയാണ്. മരങ്ങൾ മുറിക്കാതെ റോഡ് വികസിപ്പിക്കാനാവില്ല. അതിനു പകരം ചില തണലിടങ്ങൾ അവിടവിടെ റോഡരുകിൽ ഒരുക്കാമായിരുന്നു. ദേശീയപാതയിൽ കൊടുംവെയിലത്ത് ബസ് കാത്തുനിൽക്കുന്നവരുടെ
ദൃശ്യം ദയനീയമാണ്.

വികസനം എന്നു പറഞ്ഞാൽ റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും മാത്രമല്ല. ഭൂഗർഭ ജലനിരപ്പ് താഴാതിരിക്കാനുള്ള നടപടികളും വികസനത്തിന്റെ ഭാഗമായി ഉണ്ടാകണം. കുളങ്ങളും കിണറുകളും ജലാശയങ്ങളും പണം ചെലവഴിച്ചുതന്നെ സംരക്ഷിക്കപ്പെടുകയും വേണം. ഇത്തരം കാര്യങ്ങൾക്ക് മതിയായ പ്രാധാന്യം നൽകാതെ ഏകപക്ഷീയ വികസനം നടത്തിയതിന്റെ പ്രത്യാഘാതമാണ് ബംഗളൂരു നഗരം ഈ വേലനലിൽ അനുഭവിക്കുന്നത്. ചെടി നനയ്ക്കാൻ പോലും പൈപ്പ് വെള്ളം ഉപയോഗിക്കുന്നത് അവിടെ തടഞ്ഞിരിക്കുകയാണ്. ഇത് വൻ വികസനക്കുതിപ്പിലേക്കു പോകുന്ന മറ്റു നഗരങ്ങളെയും ബാധിക്കാം.

കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ ജലക്ഷാമം അതിരൂക്ഷമാണ്. ഇതിനിടയിൽ വിവിധ വകുപ്പുകൾ നടത്തുന്ന പണികളുടെ ഭാഗമായി കുഴികളെടുക്കുമ്പോൾ പലയിടത്തും കുടിവെള്ള പൈപ്പ് പൊട്ടുന്നത് സ്ഥിരമായി ആവർത്തിക്കുന്നു. ഇതു ശരിയാക്കാൻ ദിവസങ്ങളെടുക്കുന്നത് ജനങ്ങളെ ഒന്നാകെ വലയ്ക്കുന്നുണ്ട്. ജലക്ഷാമം രൂക്ഷമായ നഗരങ്ങളിൽ കൂടുതൽ വാട്ടർ ടാങ്കുകൾ സ്ഥാപിക്കപ്പെടണം. തിരുവനന്തപുരത്ത് 5000, 3000 ലിറ്ററിന്റെ ടാങ്കുകൾ 11 ഇടങ്ങളിൽ സ്ഥാപിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ദാഹമില്ലെങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കിടെ കുടിക്കാനും ജനങ്ങളും ശ്രദ്ധിക്കണം. അതുപോലെ,​ തീപിടിത്ത സാദ്ധ്യത ഒഴിവാക്കാനുള്ള മുൻകരുതലുകൾ വ്യവസായ സ്ഥാപനങ്ങളും മറ്റും നടത്തുന്നവർ എടുക്കേണ്ടതാണ്. ഈ വേനലിന്റെ പ്രശ്നങ്ങളെ നേരിടാൻ സർക്കാരും ജനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടണം.

Advertisement
Advertisement