ഇനി കുടിനീരിനായുള്ള സമരം

Wednesday 20 March 2024 1:49 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ തേവൻപാറ, തുരുത്തി, ആനപ്പെട്ടി വാർഡുകൾ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലമർന്നു. രണ്ടാഴ്ചയായി നാട്ടുകാർ കുടിവെള്ളത്തിനായി പരക്കംപായുകയാണ്. പ്രദേശത്തെ കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. നീരുറവകളും നീർച്ചാലുകളും ഇതിനകം വറ്റിക്കഴിഞ്ഞു. പഞ്ചായത്തിലെ വയലുകൾ മുഴുവൻ നികത്തിയതും കുടിവെള്ളക്ഷാമത്തിന് കാരണമായിട്ടുണ്ട്. കഠിനമായ ചൂട് മൂലം കൃഷികളുണങ്ങി നശിച്ചുതുടങ്ങി. പഞ്ചായത്തിലെ ഉയർന്ന മേഖലകളിലെ സ്ഥിതി, വിവരണാതീതമാണ്. പഞ്ചായത്തിലെ മിക്ക മേഖലകളിലും പൈപ്പ് ലൈനുകൾ കടന്നുവന്നിട്ടില്ല. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ജലജീവൻ മിഷനിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും മിക്ക ടാപ്പുകളിലും വെള്ളത്തിന് പകരം വായുവാണ് ലഭിക്കുന്നത്. എല്ലാ വർഷവും വേനൽക്കാലത്ത് തൊളിക്കോട് മേഖലയിൽ കുടിവെള്ളക്ഷാമം നേരിടാറുണ്ട്. സമരപരമ്പരകളും അരങ്ങേറും. കാലങ്ങളേറെയായിട്ടും ഇതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ശുദ്ധജലക്ഷാമത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടായില്ല. തൊണ്ട നനയ്ക്കുവാൻ ദാഹനീര് തരൂ എന്ന മുദ്രാവാക്യമുയർത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

 തുലാവർഷവും മീനച്ചൂടും

തുരുത്തി, തേവൻപാറ, തേക്കുമൂട്, നാഗര മേഖലകളിലെ ജനങ്ങൾ നദിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണിപ്പോൾ. ഇക്കുറി തുലാവർഷം കാര്യമായി ലഭിക്കാതിരുന്നത് കുടിവെള്ളക്ഷാമം രൂക്ഷമാകാനിടയാക്കിയിട്ടുണ്ട്. മീനച്ചൂടിന്റെ കാഠിന്യം മൂലം കിണറുകളിലെ ജലനിരപ്പും അനുദിനം താഴ്ന്നുതുടങ്ങി. നദികളിലെ നീരൊഴുക്കും കുറഞ്ഞു. ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ആവിഷ്കരിക്കുന്ന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാത്തതാണ് വേനൽക്കാലത്ത് കുടിനീർക്ഷാമം വ‌ർദ്ധിക്കാനിടയാക്കുന്നത്.

 ടാങ്കറിൽ ജലം ലഭ്യമാക്കണം

തൊളിക്കോട് പഞ്ചായത്തിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ടാങ്കർലോറികളിൽ അടിയന്തരമായി ശുദ്ധജല വിതരണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തൊളിക്കോട് മേഖലാക്കമ്മിറ്റി തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. നടപടികൾ സ്വീകരിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകിയതായി ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement