ദേവസ്വം ബോർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റും വേണം

Wednesday 20 March 2024 12:55 AM IST

ദേവസ്വങ്ങളുടെ സ്ഥാപനങ്ങളിൽ മാത്രമല്ല, സർക്കാർ ശമ്പളം കൊടുക്കുന്ന എല്ലാ മത, ജാതി വിഭാഗക്കാരുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി.എസ്.സി വഴിയാക്കിയാൽ ഈ മേഖലയിൽ നടമാടുന്ന ക്രമക്കേടുകളും സാമൂഹ്യനീതി നിഷേധവും ഒരു പരിധിവരെ പരിഹരിക്കാനാകും

(യോഗനാദം 2024 മാർച്ച് 15 ലക്കം എഡിറ്റോറിയൽ)

കേരളത്തിലെ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണമെന്ന് ഇപ്പോഴെങ്കിലും കേരള സർക്കാരിനു തോന്നിയത് നന്നായി. ഹിന്ദുക്കളുടെ പേരിൽ പതിറ്റാണ്ടുകളായി ചില സവർണ മാടമ്പിമാരും കള്ള രാഷ്ട്രീയക്കാരും ചേർന്ന് നടത്തിവന്ന പകൽക്കൊള്ളയ്ക്കാണ് പുതിയ തീരുമാനത്തിലൂടെ അറുതിയാവുക. സർക്കാർ നിയന്ത്രിതമായ ഒരു സംവിധാനത്തിൽ നിലനിന്ന ഏറ്റവും വലിയ പിന്നാക്കവിരുദ്ധ, സാമൂഹ്യനീതി വിരുദ്ധമായ നിയമന സംവിധാനം ഇതോടെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിൽ തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ ദേവസ്വം ബോർഡുകളിലായി ഏഴ് കോളേജുകളും ഹയർ സെക്കൻഡറി ഉൾപ്പെടെ 20 സ്കൂളുകളുമുണ്ട്. ഈ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ നിലവിലെ പിന്നാക്ക, പട്ടിക വിഭാഗ പ്രാതിനിദ്ധ്യം അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് എന്നറിയുമ്പോഴാണ് ദേവസ്വം ബോർഡ് സവർണ കോട്ടയായി നിലനിറുത്തിവന്നവരുടെ ദുഷ്ടലാക്ക് മനസിലാവുക.

2014-ൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് ക്ഷേത്ര ജീവനക്കാരുടെയും ദേവസ്വം അഡ്മിനിസ്ട്രേഷൻ ജീവനക്കാരുടെയും നിയമനങ്ങൾക്ക് പി.എസ്.സിക്കു സമാനമായ സംവരണ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. അങ്ങനെ,​ അതുവരെ നടന്നുവന്ന ദേവസ്വം ബോർഡുകളിലെ നിയമന തോന്ന്യവാസങ്ങൾ അവസാനിപ്പിക്കേണ്ടിവന്നു. അപ്പോഴും ദേവസ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ബോർഡുകളുടെ കുത്തകയാക്കി നിലനിറുത്തി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാൻ ധൈര്യം കാണിച്ച ഉമ്മൻചാണ്ടി സർക്കാരിന് ഈ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾ ബോർഡിനു കീഴിലാക്കാനുള്ള ചങ്കൂറ്റമില്ലാതെ പോയി. കേരള സർക്കാരിന്റെയും യു.ജി.സിയുടെയും മാനദണ്ഡങ്ങൾ പ്രകാരം ഉയർന്ന ശമ്പളം വാങ്ങുന്ന അദ്ധ്യാപക, അനദ്ധ്യാപക ഒഴിവുകളിൽ അർഹരെയും അനർഹരെയും ദശലക്ഷങ്ങൾ കൈക്കൂലി വാങ്ങി നിയമിച്ച് ദേവസ്വം ഭാരവാഹികൾ കോടികൾ കൊയ്യുകയായിരുന്നു. ഇങ്ങനെ നിയമിക്കപ്പെട്ടവരും സവർണ വിഭാഗക്കാരാകണമെന്ന അലിഖിത വ്യവസ്ഥയും പിന്തുടർന്നു. ഈ സ്ഥാപനങ്ങളിൽ പ്യൂണായിപ്പോലും ഒരു പിന്നാക്ക, പട്ടികവിഭാഗക്കാരന് അവസരം ലഭിക്കുമായിരുന്നില്ല. ദേവസ്വം ബോർഡ് ഭരണം പോലെ ഏതാണ്ട് സവർണാധിപത്യത്തിൽ തന്നെയായിരുന്നു ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഫെബ്രുവരി 22നു ചേർന്ന അഞ്ച് ദേവസ്വം ബോർഡുകളുടെയും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മേധാവികളുടെയും യോഗത്തിലാണ് ബോർഡിന്റെ എയിഡഡ് സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കുന്നതിന് തീരുമാനമായത്. ഇപ്പോഴെങ്കിലും പിന്നാക്ക, പട്ടികജാതി- വർഗ വിഭാഗങ്ങളോട് നീതി പുലർത്താൻ കാണിച്ച ധൈര്യത്തിന് പിണറായി വിജയൻ സർക്കാരിനോട് നന്ദി പറയാൻ വാക്കുകളില്ല. ഇത് നടപ്പായാലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും ദേവസ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്ന നിയമനങ്ങളിൽ ഏഴ് പതിറ്റാണ്ടോളമായി തുടർന്ന അനീതിക്ക് പരിഹാരം വേണം. അതിന് പിന്നാക്ക പട്ടികജാതി, വർഗ സ്പെഷ്യൽ റിക്രൂട്ട്മെന്റ് മാത്രമാണ് പോംവഴി. ക്ഷേത്രങ്ങളിൽ ജാതി അടിസ്ഥാനത്തിൽ മാത്രമുള്ള നിയമനങ്ങളാണ് ഏതാനും വർഷം മുമ്പുവരെ നടന്നത്. അതുകൊണ്ടുതന്നെ പിന്നാക്ക സമുദായങ്ങൾക്ക് തീർത്തും അപ്രാപ്യമായിരുന്നു ബോർഡുകളുടെ സ്ഥാപനങ്ങൾ. ദേവസ്വം ജീവനക്കാരുടെ ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുത്താൽ ഈ വിവേചനം നിഷ്പ്രയാസം അറിയാം. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ജീവനക്കാരുടെ എണ്ണത്തിൽ അർഹമായ സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പാക്കാനുള്ള നീക്കങ്ങളും സംസ്ഥാന സർക്കാർ തുടങ്ങിവയ്ക്കണം. മതിയായ പ്രാതിനിദ്ധ്യം ലഭ്യമാകും വരെ സ്പെഷ്യൽ റിക്രൂട്ട്മെന്റുകൾ നടപ്പാക്കാനുള്ള നടപടികളും ഗൗരവമായി ആലോചിക്കണം.

ദേവസ്വങ്ങളുടെ സ്ഥാപനങ്ങളിൽ എന്ന പോലെ തന്നെ സർക്കാർ ശമ്പളം കൊടുക്കുന്ന എല്ലാ മത, ജാതി വിഭാഗക്കാരുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി വഴിയാക്കിയാൽ ഈ മേഖലയിൽ നടമാടുന്ന ക്രമക്കേടുകളും സാമൂഹ്യനീതി നിഷേധവും ഒരു പരിധിവരെ പരിഹരിക്കാനാകും. എയിഡഡ് സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയിരുന്നെങ്കിൽ എത്രയോ പാവപ്പെട്ട പിന്നാക്ക, പട്ടിക വിഭാഗ കുടുംബങ്ങൾ രക്ഷപ്പെട്ടേനെ. നിരവധി എയിഡഡ് കോളേജുകളും സ്കൂളുകളും നടത്തുന്ന എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ്. ദീർഘനാളായി യോഗം ഉന്നയിക്കുന്ന ആവശ്യവുമാണിത്. എയിഡഡ് മേഖലയിലെ സർക്കാർ ശമ്പളം ഏതാനും വിഭാഗക്കാരിലേക്കു മാത്രം ഒതുക്കി നിറുത്തുന്നതിനു മാത്രമേ ഇപ്പോൾ പിന്തുടരുന്ന രീതി ഉപകരിക്കുന്നുള്ളൂ. എല്ലാവരുടെയും നികുതിപ്പണം കൊണ്ട് സർക്കാർ ശമ്പളം നൽകിയാലും മാനേജ്മെന്റുകൾക്ക് ഇഷ്ടമുള്ള പോലെ നിയമനം നടത്താമെന്ന സംവിധാനം ലോകത്ത് ഒരു പക്ഷേ ഇവിടെ മാത്രമേ കാണൂ.

ദേവസ്വം എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റ് എയിഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ മൊത്തം കണക്ക് ജാതിയും മതവും തിരിച്ച് പ്രസിദ്ധീകരിച്ചാൽ സത്യാവസ്ഥ ബോദ്ധ്യമാകും. ഈ സംവിധാനത്തിൽ ഏറ്റവും അധികം അവസരനഷ്ടം നേരിടുന്നത് പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികളാണ്. പട്ടികവർഗക്കാർക്ക് സ്വന്തമായി ഒരു എയിഡഡ് വിദ്യാലയം പോലുമില്ല. പട്ടികജാതിക്കാർക്ക് ഒന്നോ രണ്ടോ ഉണ്ടെങ്കിലായി. ജനസംഖ്യയുടെ 12 ശതമാനത്തോളം വരുന്ന ഇവരുടെ വിദ്യാഭ്യാസരംഗത്തെ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ് മാറി മാറി വരുന്ന സർക്കാരുകൾ. പട്ടികജാതി വകുപ്പിന്റെ കീഴിൽ പട്ടികവിഭാഗക്കാർക്കു വേണ്ടി സൃഷ്ടിച്ച പാലക്കാട് മെഡിക്കൽ കോളേജിൽപ്പോലും സംവരണം അട്ടിമറിച്ചാണ് ഇപ്പോൾ നിയമനവും അഡ്മിഷനും നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ വേണം സർക്കാർ മേഖലയിൽ അർഹമായ ജോലി അവസരങ്ങൾ പിന്നാക്ക, പട്ടികവിഭാഗക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.

Advertisement
Advertisement