ഇ- സേവനങ്ങൾക്ക് തടസം വരരുത്
വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും നഗരസഭകളും ഉൾപ്പെടെ ഏതെങ്കിലും സർക്കാർ ഓഫീസിലേക്ക് ഒരു സാക്ഷ്യപത്രമോ അനുമതി പത്രമോ അംഗീകാരമോ തേടി ഒരിക്കലെങ്കിലും പോയിട്ടുള്ള സാധാരണക്കാർ, ആ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ല. 'നടന്ന് ചെരിപ്പു തേയുക" എന്ന പ്രയോഗത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാവുക അപ്പോഴാണ്. അവകാശപ്പെട്ട സേവനം പ്രതീക്ഷിച്ചെത്തുന്നവരെ പത്തുവട്ടമെങ്കിലും നടത്തിക്കാതെ ഒരു കാര്യവും നടത്തിക്കൊടുക്കില്ലെന്ന് പ്രതിജ്ഞയെടുത്ത മട്ടിലായിരിക്കും ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗത്തിന്റെ മാടമ്പിത്തം. ഭൂമിയും വീടും നികുതിയും മറ്റുമായി ബന്ധപ്പെട്ട റവന്യൂ വിഷയങ്ങളാണെങ്കിൽ പറയാനുമില്ല! സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിന്റെ ആദ്യഘട്ടമായി നഗരമേഖലകളിൽ നടപ്പാക്കിയ ,സംവിധാനത്തിന്റെ പിഴവുകാരണം ജനം എങ്ങനെയെല്ലാം പൊറുതിമുട്ടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ ഞങ്ങൾ പ്രസിദ്ധീകരിച്ച മുഖ്യവാർത്ത (കെട്ടിട പെർമിറ്രിൽ കൂട്ടത്തോടെ പിഴവ്).
ജനന, മരണ, വിവാഹ രജിസ്ട്രേഷൻ പോലെയുള്ള നിസാര സംഗതികൾക്ക് തടസമില്ലെങ്കിലും, കെട്ടിട നിർമ്മാണ പെർമിറ്റ്, പ്ളാനുകളുടെ അപാകത പരിഹരിക്കൽ, നികുതിയൊടുക്കൽ തുടങ്ങി അടിയന്തര പ്രധാന്യമുള്ള സേവനങ്ങൾക്കാണ് രണ്ടു മാസത്തോളമായി മുടക്കം വന്നിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനു കിട്ടേണ്ട അപേക്ഷ മറ്റൊരു ഉദ്യോഗസ്ഥന് പോവുക, അപേക്ഷ ലഭിക്കേണ്ട ഓഫീസുകൾ തന്നെ മാറിപ്പോവുക, ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വീടുകളുടെ നമ്പറും കെട്ടിട ഉടമകളുടെ പേരും പരസ്പരം മാറിപ്പോവുക, അപേക്ഷകളുടെ നിജസ്ഥിതി അറിയാൻ പറ്റാതാവുക തുടങ്ങി സോഫ്‌ട് വെയർ തകരാർ കാരണമുള്ള തൊന്തരവുകൾ ചില്ലറയല്ല. പെർമിറ്റുകളിൽ കെട്ടിട ഉടമയുടെ ഒപ്പില്ലെന്ന കാരണത്താൽ ബാങ്കുകൾ വായ്പ നിഷേധിക്കുന്ന സാഹചര്യവുമുണ്ട്. വില്ലനായി അവതരിക്കുന്നത് സോഫ്‌ട് വെയർ തകരാറാണെന്നതുകൊണ്ട്, എപ്പോൾ ശരിയാകുമെന്ന ആവലാതിക്കാരുടെ ചോദ്യത്തിനു നേരെ കൈമലർത്താനേ ഉദ്യോഗസ്ഥർക്ക് കഴിയുന്നുള്ളൂ. അതിനു കേൾക്കേണ്ടിവരുന്ന ശകാരമത്രയും അവർ ക്ഷമാപൂർവം സഹിക്കണം!
റേഷൻ ഉപഭോക്താക്കളുടെ മസ്റ്ററിംഗ് നിലവിൽ സംസ്ഥാനത്ത് തടസപ്പെട്ടിരിക്കുകയാണ്. ഇ- പോസ് മെഷീന്റെ സെർവർ തകരാറാണ് ഇവിടെ വില്ലൻ വേഷത്തിൽ. സർക്കാർ സേവനങ്ങൾക്ക് ഓൺലൈൻ സൗകര്യം വരുമ്പോൾ സാധാരണ പൗരന്മാർ ആശ്വസിക്കുന്നത്, കാലതാമസമില്ലാതെയും കൈമടക്കില്ലാതെയും ഇനി കൃത്യമായി കാര്യം നടക്കുമെന്ന് പ്രതീക്ഷിച്ചാണ്. എന്നാൽ, ഇ- സേവനങ്ങൾ തുടങ്ങാൻ കാണിക്കുന്ന ആരംഭശൂരത്വവും ആവേശവുമൊന്നും അവയുടെ കുറ്രമറ്റ തുടർപ്രവർത്തനം ഉറപ്പാക്കുന്നതിൽ പലപ്പോഴും സർക്കാർ തലത്തിൽ ഉണ്ടാകുന്നില്ല. മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നവരെ കയ്യോടെ പിടിക്കാൻ സംസ്ഥാനത്തുടനീളം സ്ഥാപിച്ച എ.ഐ ക്യാമറകളിൽ എത്രയെണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നു പോലും അറിയില്ല. പുതിയ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും അവതരിപ്പിക്കുമ്പോൾ അവയുടെ തകരാറില്ലാത്ത പ്രവർത്തനം ഉറപ്പാക്കുക പ്രധാനമാണ്. ജനങ്ങൾക്ക് സേവനങ്ങൾ നല്കുന്ന വകുപ്പുകളുടെ കാര്യത്തിലാകുമ്പോൾ ഇത് പരമപ്രധാനമാണു താനും.
സ്വകാര്യ സ്ഥാപനങ്ങളും ഓഫീസുകളും ഇലക്ട്രോണിക്- ഡിജിറ്റൽ സങ്കേതങ്ങളുടെ സഹായത്തോടെ പൂർണമായും കടലാസുരഹിത പ്രവർത്തനരീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഫയലുകളുടെ സൂക്ഷിപ്പിനും കൈകാര്യത്തിനുമായി ഇ-ഫയലിംഗ് ഉൾപ്പെടെയുള്ള സങ്കേതങ്ങളിലേക്ക് സർക്കാർ വകുപ്പുകളും മാറുന്നത്. ഇപ്പറഞ്ഞതിനൊക്കെ അല്പം കാലതാമസം നേരിട്ടാലും ഒരു സംവിധാനത്തിലുണ്ടാകുന്ന തകരാറെന്ന കുഴപ്പമേയുള്ളൂ. അതു ശരിപ്പെടാൻ കുറച്ചൊക്കെ കാത്തിരുന്നാലും അപകടം സംഭവിക്കാനില്ല. കെട്ടിട പ്ളാൻ പരിഷ്കരണത്തിനും വീടുവയ്പിനും നികുതിയൊടുക്കാനും ഓടിനടക്കുന്ന സാധാരണക്കാർക്ക് ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും മറ്റും കൃത്യസമയത്ത് ലഭിക്കാതിരിക്കുന്നതും അപേക്ഷകളുടെ നിജസ്ഥിതി അറിയാൻ മാർഗമില്ലാതിരിക്കുന്നതുമൊക്കെ യഥാർത്ഥ ജീവൽപ്രശ്നങ്ങൾ തന്നെയാണ്. ഇ- സേവനങ്ങളുട മികവ് ഉറപ്പാക്കാൻ സർക്കാർ തലത്തിൽത്തന്നെയുള്ള ഒരു വിദഗ്ദ്ധ സംഘത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.