ആവേശച്ചൂടിൽ ആറ്റിങ്ങൽ
വർക്കല: ഇ.എം.എസിന്റെ ഓർമ്മദിനമായ ഇന്നലെ പാളയം ഇ.എം.എസ് പാർക്കിൽ പിണറായി വിജയനും ഗോവിന്ദൻ മാസ്റ്റർക്കുമൊപ്പം പുഷ്പാർച്ചന നടത്തിയശേഷമാണ് അഡ്വ.വി.ജോയി അരുവിക്കര മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ പ്രചാരണത്തിനെത്തിയത്. ചെരുപ്പാണി, മണ്ണാത്തിക്കുഴി,ആനപ്പെട്ടി,നാലാംകല്ല്,തേവിയാർകുന്ന്,കരിപ്പാലം,പട്ടൻകുളിച്ച പാറ,മണിതൂക്കി, ചാത്തൻകോട്,ജേഴ്സി ഫാം,നരകത്തിൻ കാല,മൊട്ടമൂട്,മണലി,ചെമ്പിക്കുന്ന്,കല്ലൻകുടി, കരിമ്പിൻകാല എന്നിവിടങ്ങളിൽ ജോയിക്ക് ഊഷ്മളമായ വരവേൽപ്പാണ് ഊര് നിവാസികൾ ഒരുക്കിയത്. മണ്ണാംകോൺ,പൊടിയം,വാലിപ്പാറ,ചോനാംപാറ,ആമല,പാങ്കാവ് എന്നിവിടങ്ങളിൽ ഇന്ന് പര്യടനം നടത്തും.വെഞ്ഞാറമൂട്,നെല്ലനാട് യു. ഡി.എഫ് കൺവെൻഷനുകളിൽ അടൂർ പ്രകാശിന് ഇന്നലെ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. വൈകിട്ടോടെ കുന്നത്തു ഭഗവതി ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിലും അതിഥിയായെത്തി. ഇന്ന് രാവിലെ വർക്കലയിൽ വിവിധ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കും.10.30ന് വാമനപുരം പുല്ലംപാറ ചെപ്പിലോട് ആയിരവല്ലി ക്ഷേത്ര സന്ദർശനം,വെമ്പായത്തു നടക്കുന്ന മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് യോഗങ്ങളിലും അടൂർ പ്രകാശ് പങ്കെടുക്കും. വൈകിട്ട് കാട്ടാക്കട നടക്കുന്ന യു.ഡി.എഫ് കൺവെൻഷനിലും കണിയാപുരത്തെ ഇഫ്താർ വിരുന്നിലും സംബന്ധിക്കും.
പഞ്ചായത്തുകൾതോറും പദയാത്രകളുമായി സജീവമാവുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി
വി.മുരളീധരൻ. പ്രചാരണത്തിന്റെ ഭാഗമായി അഴൂർ,പോത്തൻകോട്,വാമനപുരം എന്നിവിടങ്ങളിൽ നടന്ന പദയാത്രകളിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പോത്തൻകോട് ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വികസന ചർച്ചയിലും മുരളീധരൻ പങ്കെടുത്തു.