മീരാമാത്യുവിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു
ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണം പോയ സംഭവത്തിൽ മുൻ ഏരിയാ മനേജർ മീരാമാത്യുവിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിനു മുമ്പാകെയാണ് ഇന്നലെ കേസ് പരിഗണിക്കവെയാണ് കസ്റ്റഡി അനുവദിച്ചത്. പട്ടണക്കാട് പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വിട്ടത്. കേരള ബാങ്കിന്റെ ചേർത്തലയിലെ രണ്ടു ശാഖകളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടിരുന്നു. ഈ കേസുകളിൽ അന്വേഷണം നടത്തുന്നതിനാണ് ചേർത്തല പൊലീസ് 21വരെ കസ്റ്റഡിയിൽ വാങ്ങിയത്. സമാനമായ കേസെടുത്ത അർത്തുങ്കൽ പൊലീസും കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
പട്ടണക്കാട് പൊലീസ് അറസ്റ്റു ചെയ്ത മീരാമാത്യുവിന്റെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. പട്ടണക്കാട് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ നിർണായകമായ പലവിവരങ്ങളും കൈമാറിയെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷണ സ്വർണം കൈമാറിയതായി പറഞ്ഞ മാർവാടികളുടെ അടുത്തും ബാങ്കുകളിലും ഇവരുമായി പൊലീസ് പോയിരുന്നെങ്കിലും സ്വർണം കണ്ടെത്തനായില്ല. കേരളാ ബാങ്കിലെ പട്ടണക്കാട്, ചേർത്തല, ചേർത്തല നടക്കാവ് ശാഖകളിൽ നിന്ന് പരിശോധനകൾക്കിടെ 335.08 ഗ്രാം സ്വർണം മോഷണം നടത്തിയെന്ന കേസിലാണ് മുൻ ഏരിയാമാനേജർ ചേർത്തല നഗരസഭ രണ്ടാംവാർഡ് തോട്ടുങ്കരവീട്ടിൽ മീരാമാത്യവിനെ(44)അറസ്റ്റു ചെയ്തത്.