പൗരത്വ നിയമ ഭേദഗതി : സ്റ്റേ ഇല്ല, ഏപ്രിൽ 9ന് വിശദ വാദം

Wednesday 20 March 2024 4:28 AM IST

 പൗരത്വം നൽകിയാൽ ലീഗിന് ഉന്നയിക്കാം

ന്യൂഡൽഹി : കേന്ദ്രസർക്കാർ മാർച്ച് 11ന് ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌ത പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് തൽക്കാലം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഏപ്രിൽ 9ന് വിശദ വാദം കേൾക്കും.

2019ലെ നിയമഭേദഗതി ചോദ്യം ചെയ്യുന്ന 237 ഹർജികൾക്കും, 20 സ്റ്റേ അപേക്ഷകൾക്കും മറുപടി സമർപ്പിക്കാൻ കേന്ദ്രത്തിന് മൂന്നാഴ്ച അനുവദിച്ചു. കേന്ദ്രത്തിന് നോട്ടീസ് അയയ്‌ക്കാനും ഉത്തരവിട്ടു. ഏപ്രിൽ രണ്ടിനകം മറുപടി സമർപ്പിക്കണം. ഇതിന് ഹർജിക്കാർക്ക് എട്ടിനകം ആക്ഷേപം സമർപ്പിക്കാം.

കേന്ദ്രസർക്കാരിന് മറുപടി സമർപ്പിക്കാൻ സോളിസിറ്രർ ജനറൽ തുഷാർ മേത്ത നാലാഴ്ച്ചയാണ് ആവശ്യപ്പെട്ടത്. സ്റ്റേ അപേക്ഷകളിൽ ആദ്യം മറുപടി നൽകാൻ നിർദ്ദേശിച്ച ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് മൂന്നാഴ്ച്ച അനുവദിച്ചു. ജസ്റ്റിസ്‌മാരായ ജെ. ബി. പർദിവാല, മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

കേരള സർക്കാർ, മുസ്ലീം ലീഗ്, ഡി.വൈ.എഫ്.ഐ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, അസാം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ, ഓൾ അസാം സ്റ്റുഡന്റ്സ് യൂണിയൻ തുടങ്ങിയവരാണ് സ്റ്രേ അപേക്ഷ നൽകിയിട്ടുള്ളത്.

ഉറപ്പു നൽകാതെ സോളിസിറ്റർ ജനറൽ

ഏപ്രിൽ 9ന്‌ മുമ്പ് ആർക്കും പൗരത്വം നൽകില്ലെന്ന് ഉറപ്പു നൽകാൻ സോളിസിറ്റർ ജനറൽ വിസമ്മതിച്ചു. പൗരത്വം നൽകിയാൽ കോടതിയെ സമീപിക്കാൻ അനുമതി നൽകണമെന്ന് ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ തങ്ങൾ ഇവിടെ തന്നെയുണ്ടെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. പൗരത്വം നൽകിയാൽ പിൻവലിക്കാനാകില്ലെന്നും കോടതി തീരുമാനം വരെ കേന്ദ്രം കാത്തിരിക്കണമെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകിയാൽ കോടതിയുടെ അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്നെങ്കിലും നിർദ്ദേശിക്കണമെന്ന് ഇന്ദിര ജയ്സിംഗ് അഭ്യർത്ഥിച്ചു. പൗരത്വ അപേക്ഷകൾ തീർപ്പാക്കാനുള്ള സംവിധാനമൊന്നും സർക്കാർ ഒരുക്കിയിട്ടില്ലെന്ന് ചീഫ് ജസ്റ്രിസ് ചൂണ്ടിക്കാട്ടി. മുസ്ലീം സമുദായത്തെ പൗരത്വ പ്രക്രിയയിൽ നിന്ന് മാറ്റിനിർത്തിയെന്ന് അഡ്വ. നിസാം പാഷ ചൂണ്ടിക്കാട്ടി.

വാദം കേൾക്കാൻ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും കോടതിയിൽ എത്തിയിരുന്നു.

Advertisement
Advertisement