ഭിന്നശേഷിക്കാരിയെയും മാതാപിതാക്കളെയും മർദ്ദിച്ചെന്ന് പരാതി

Wednesday 20 March 2024 1:27 AM IST

മൂവാറ്റുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെയും മാതാപിതാക്കളെയും അയൽവാസികൾ മർദ്ദിച്ചെന്ന് പരാതി. വാളകം പഞ്ചായത്ത് റാക്കാട് പെരുമാലിൽ കുമാരൻ (75),​ ഭാര്യ ശാരദ (62),​ മകൾ അമ്മു (31) എന്നിവരെ അയൽവാസി തച്ചിരുപറമ്പിൽ വിലാസിനിയും ഭർത്താവ് പൊന്നനും മകൻ അഖിലും (കുഞ്ഞുകുട്ടായി) ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ ശാരദയും മകൾ അമ്മുവും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ശാരദയുടെ വീടിന് സമീപമെത്തി വിലാസിനി അസഭ്യം പറഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇതു ചോദ്യംചെയ്ത ശാരദയുടെ ഭർത്താവ് കുമാരനെ വിലാസിനിയും പൊന്നനും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. പിന്നാലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ അഖിൽ ഹെൽമറ്റ് ഉപയോഗിച്ച് കുമാരനെയും ശാരദയെയും തല്ലിയശേഷം വീടിനകത്ത് കസേരയിലിരുന്ന അമ്മുവിനെ മർദ്ദിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നും മുമ്പും പല തവണ വിലാസിനിയും കുടുംബവും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

Advertisement
Advertisement