മോൻസണിന്റെ വീട്ടിൽ മോഷണം,​ നഷ്ടപ്പെട്ടത് പഞ്ചലോഹ ശില്പങ്ങളടക്കം 15 വസ്തുക്കളെന്ന് ക്രൈംബ്രാഞ്ച്

Wednesday 20 March 2024 1:58 AM IST

കൊച്ചി:പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ വാടകയ്ക്ക് താമസിച്ചിരുന്ന കലൂരിലെ 'മ്യൂസിയം വീട്ടിൽ' നിന്നും പഞ്ചലോഹത്തിന്റെയും മറ്റും ശില്പങ്ങളടക്കം 15 വസ്തുക്കൾ മോഷണം പോയതായി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. കലൂരിലെ വീട്ടിൽ മോഷണം നടന്നെന്ന പരാതിയുമായി മോൻസണിന്റെ മകൻ നോർത്ത് പൊലീസിനെ സമീപിക്കുകയും ശില്പി സന്തോഷിന്റെ ഹർജിയിൽ, ശില്പങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തി​ലായിരുന്നു പരിശോധന. ഡിവൈ.എസ്.പി വൈ.ആർ.റസ്റ്റത്തിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ട പരിശോധനയിൽ 15 സാധനങ്ങൾ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഈമാസം എട്ടിന് രാത്രി ഗേറ്റ് പൊളിച്ച് ചിലർ കടന്നുകയറി മോഷണം നടത്തിയെന്നായിരുന്നു മോൻസന്റെ മകൻ വക്കീൽ മുഖേന നോർത്ത് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആളുകൾ അതിക്രമിച്ചു കയറിയ വിവരം അയൽവാസിയാണ് തന്നെ അറിയിച്ചതെന്നുമായിരുന്നു പരാതി.

പൊലീസ് പരിശോധനയിൽ മോഷണശ്രമം നടന്നതായി കണ്ടെത്താനായില്ല. ഇന്നലെ ക്രൈംബ്രാഞ്ച് പരിശോധനയിൽ സാധനങ്ങൾ നഷ്ടമായെന്ന് സ്ഥിരീകരിച്ചു. ടിപ്പു സുൽത്താന്റെ സിംഹാസനം മോശയുടെ അംശവടി തുടങ്ങിയ വ്യാജ ഉരുപ്പടി​കളും വസ്തുക്കളുമടക്കം 2000 സാധനങ്ങളാണ് കലൂരിലെ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ 900 വസ്തുകളാണ് ശില്പി സന്തോഷിന്റേത്.

ഉപയോഗി​ച്ചത് കളളത്തോക്കോൽ വീടിന്റെ താക്കോൽ സൂക്ഷിക്കുന്നത് നോർത്ത് പൊലീസാണ്. അവി​ടെ വിവരം കൈമാറിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി വൈ.ആർ. റസ്റ്റം പറഞ്ഞു. വീടിന്റെ വാതിൽ പൊളിച്ചി​ട്ടി​ല്ല. കള്ളത്താക്കോൽ ഉപയോഗിച്ചാകും മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചിരിക്കുക. പഞ്ചലോഹം, ചെമ്പ് എന്നീ ലോഹനിർമ്മിതവും ഭാരവുമുള്ള വസ്തുക്കളാണ് മോഷ്ടി​ച്ചത്. ആദ്യം വീടിന് പൊലീസ് കാവലുണ്ടായിരുന്നെങ്കി​ലും പഴയ സാധനങ്ങളായതിനാൽ സുരക്ഷ പിൻവലിച്ചതായാണ് മനസിലാക്കുന്നതെന്നും വൈ.ആർ. റസ്റ്റം പറഞ്ഞു.

Advertisement
Advertisement