ജില്ലയിൽ 27.77 ലക്ഷം വോട്ടർമാർ, 2,730 പോളിംഗ് സ്‌റ്റേഷനുകൾ  കൂടുതൽ സ്ത്രീ വോട്ടർമാർ

Wednesday 20 March 2024 4:01 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ ജില്ലയിലുള്ളത് 27,77,108 വോട്ടർമാർ. 14,59,339 സ്ത്രീ വോട്ടർമാരും 13,17,709 പുരുഷ വോട്ടർമാരും 60 ട്രാൻസ്‌ജെൻഡർമാരും ഇതിലുണ്ട്. 25,363 ഭിന്നശേഷി വോട്ടർമാരാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വർദ്ധനയുണ്ടെന്ന് കളക്ടർ ജെറോമിക് ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 85ന് മുകളിൽ പ്രായമായ 31,534 വോട്ടർമാരും 23,039 യുവ വോട്ടർമാരുമാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 8,422 ആണ്. ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമുള്ളവർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. ജില്ലയിൽ 2,730 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം, പാറശാല,കോവളം,നെയ്യാറ്റിൻകര അസംബ്ലി നിയോജക മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്നത്. വർക്കല,ആറ്റിങ്ങൽ,ചിറയിൻകീഴ്,നെടുമങ്ങാട്, വാമനപുരം, അരുവിക്കര,കാട്ടാക്കട നിയോജക മണ്ഡലങ്ങൾ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 1,307 പോളിംഗ് സ്‌റ്റേഷനുകളും ആറ്റിങ്ങൽ മണ്ഡലത്തിൽ 1,423 പോളിംഗ് സ്‌റ്റേഷനുകളുമുണ്ട്.

 ഒരു പോളിംഗ് സ്റ്റേഷനിൽ 1500 വോട്ടർമാർ

1500 വോട്ടർമാരാണ് ഒരു പോളിംഗ് സ്‌റ്റേഷനിൽ ഉൾപ്പെടുന്നത്.അതിലധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്സിലറി പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിക്കും.തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി - വിജിൽ ആപ്പിലൂടെ അറിയിക്കാം.നൂറ് മിനിറ്റിനുള്ളിൽ പരാതികൾക്ക് പരിഹാരമുണ്ടാകും.മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 127 സ്‌ക്വാഡുകളാണ് ജില്ലയിലുള്ളത്. 42 സ്റ്റാറ്റിക് സർവയലൻസ് ടീം, 42 ഫ്ളൈംയിംഗ് സ്ക്വാഡ്, 15 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്, 14 വീഡിയോ സർവയലൻസ് ടീം ഉൾപ്പെടെ 113 സ്‌ക്വാഡുകൾ ഫീൽഡിൽ പ്രവർത്തിക്കും.ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 14 വീഡിയോ വ്യൂവിംഗ് ടീമുമുണ്ട്. 50,000 രൂപയിൽ കൂടുതൽ കൈവശം വച്ച് യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൂടി കരുതണം. ഓഫീസുകളിലും പരിസരപ്രദേശങ്ങളിലുമുള്ള രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും നീക്കാൻ ജില്ലാകളക്ടർ നിർദ്ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ജൂൺ ആറ് വരെ തുടരും.

Advertisement
Advertisement