മീനച്ചൂട് ഏശാതെ പര്യടനം

Wednesday 20 March 2024 3:02 AM IST

തിരുവനന്തപുരം: കത്തിക്കാളുന്ന മീനച്ചൂടിലും സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിച്ച് പായുന്നു. വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തലസ്ഥാന മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും.എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. രാവിലെ 8.30ന് നിയമസഭയിലെ ഇ.എം.എസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളും സന്ദർശിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.കെ.പ്രശാന്ത് എം.എൽ.എ,സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വോട്ടർമാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഉച്ചയ്ക്ക് 12ന് എൽ.ഡി.എഫിന്റെ മീഡിയ റൂം ഉദ്ഘാടനത്തിലും പങ്കെടുത്തു. ജോൺ ബ്രിട്ടാസ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് പന്ന്യൻ രവീന്ദ്രന് വിശ്രമദിനമാണ്.

രാവിലെ എട്ടോടെ കരിക്കകം ക്ഷേത്രത്തിൽ ദർശനം നടത്തിയ തരൂർ പത്തരയോടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തി. പ്രചാരണാവേശം കൊടിയേറിയ കൺവെൻഷനിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വോട്ടർമാരാണ് പങ്കെടുത്തത്.കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ മുന്നണിയിലെ തലമുതിർന്ന നേതാക്കളെല്ലാം സന്നിഹിതരായിരുന്നു. പ്രസംഗങ്ങൾക്കിടയിലും ആവേശം കത്തിക്കാളി. പാളയം പള്ളി,കൊച്ചുവേളിയിലെ സെന്റ് ജോസഫ് പള്ളി എന്നിവിടങ്ങളിലും കോട്ടപ്പുറം ഹൈസ്‌ക്കൂളിലെ അദ്ധ്യാപകരുടെ യാത്രഅയപ്പ് ചടങ്ങിലും പങ്കെടുത്തു. പൂന്തുറ പള്ളിയിലെ നോമ്പ് തുറയിലും പങ്കെടുത്ത ശേഷമാണ് തരൂർ മടങ്ങിയത്.
മ്യൂസിയം വളപ്പിൽ നിന്നാണ് എൻ.ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ പ്രചാരണം തുടങ്ങിയത്. നേമം,തിരുവനന്തപുരം മണ്ഡലങ്ങളിലായിരുന്നു പര്യടനം. വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലുമെത്തി മതനേതാക്കളേയും വിശ്വാസികളെയും കണ്ടു. ഭവന സന്ദർശനങ്ങൾക്കും സമയം കണ്ടെത്തി.എൻ.എസ്.എസ് കരയോഗങ്ങളും, ശ്രീനാരായണ ഗുരുദേവ മന്ദിരങ്ങളും എസ്.എൻ.ഡി.പി യോഗംശാഖകളും സന്ദർശിച്ചു. തൃക്കണ്ണാപുരം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിൽ പങ്കെടുത്തവരെ കണ്ടു. പാളയം ലത്തീൻ പള്ളിയിലെത്തിയ അദ്ദേഹം തിരുന്നാൾ ഉത്സവത്തിലും പങ്കുകൊണ്ടു.കൊച്ചുവേളി സെന്റ് ജോസഫ് പള്ളിയും ചെറിയതുറ അസംപ്ഷൻ പള്ളിയും ബീമാപള്ളി മുസ്ലിം ജമാഅത്ത് കാര്യാലയവും സന്ദർശിച്ചു. ഇന്നു രാവിലെ പട്ടത്ത് സെൻട്രൽ യൂണിവേഴ്സിറ്റി സെമിനാറിൽ പങ്കെടുത്തുകൊണ്ട് രാജീവ് ചന്ദ്രശേഖർ പ്രചാരണം ആരംഭിക്കും. തുടർന്ന് ഉള്ളൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം,​ തുടർന്ന് പാർട്ടി അനുഭാവികളെയും ജനങ്ങളെയും കാണും. 5.15ന് സുരേഷ് ഗോപിയുമൊത്ത് ട്രിവാൻഡ്രം ക്ളബ്ബിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. 7ന് കുളത്തൂരിൽ പ്രചാരണം.

Advertisement
Advertisement