നുണ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂർ

Wednesday 20 March 2024 11:06 PM IST

സിംഗപ്പൂർ: പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ നുണ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂർ. പ്രതിപക്ഷ നേതാവായ പ്രീതം സിംഗിനെതിരെയാണ് നടപടി. മറ്റൊരു പാർലമെന്റ് അംഗത്തിന് വ്യാജ ആരോപണം ഉന്നയിക്കാൻ പ്രചോദനം നൽകി എന്ന ആരോപണത്തിലാണ് നടപടി.

മൂന്ന് വർഷം വരെ തടവ് ശിക്ഷയും വൻ തുക പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

2021 ഓഗസ്റ്റിൽ അന്നത്തെ എം.പിയായിരുന്ന റയീഷ ഖാൻ ലൈംഗിക അതിക്രമത്തിന് ഇരയായ ആളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പാർലമെന്റ് കമ്മിറ്റി അന്വേഷണത്തിൽ പ്രീതം സിംഗ്, റയീഷ ഖാന് സാക്ഷ്യം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇവർ വ്യക്തമാക്കി. എം പി സ്ഥാനം ദുരുപയോഗം ചെയ്തതിന് റയീഷ ഖാന് പിഴ ചുമത്തി. പിന്നാലെ അവർ സ്ഥാനം രാജിവച്ചു.

ആരോപണത്തിൽ ഉറച്ച് നിൽക്കാൻ പ്രീതം സിംഗ് പ്രോത്സാഹിപ്പിച്ചതായി റയീഷ ഖാൻ വ്യക്തമാക്കി. ഈ സംഭവത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ നടപടി എടുക്കുന്നത്. എന്നാൽ ആരോപണങ്ങൾ പ്രീതം സിംഗ് നിഷേധിച്ചിട്ടുണ്ട്. നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രീതം സിംഗ്.

പാർലമെന്റിലെ പ്രതിജ്ഞാ ലംഘിച്ചുവെന്നാണ് പ്രീതം സിംഗിനെതിരായ പ്രധാന ആരോപണം. അറിവോടെ തെറ്റായ ആരോപണം ഉന്നയിച്ചുവെന്നാണ് ചൊവ്വാഴ്ച പുറത്തു വന്ന കുറ്റപത്രത്തിൽ വിശദമാക്കുന്നു.

ഏതെങ്കിലും കുറ്റകൃത്യത്തിൽ ഒരു വർഷത്തിൽ അധികം ജയിൽ ശിക്ഷ അനുഭവിക്കുകയോ പതിനായിരം യുഎസ് ഡോളർ പിഴയോ ലഭിച്ചാൽ പിന്നീട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സിംഗപ്പൂരിൽ അനുവാദമില്ലെന്നിരിക്കെയാണ് മൂന്ന് വർഷം തടവും വൻതുക പിഴയും ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങൾ പ്രതിപക്ഷ നേതാവിനെതിരെ ചുമത്തിയത്.

Advertisement
Advertisement