സി വിജിൽ ആപ്പിൽ 152ൽ 140 പരാതികൾക്കും തീർപ്പ് ചട്ടലംഘനത്തിൽ അതിവേഗ നടപടി

Tuesday 19 March 2024 10:18 PM IST

കണ്ണൂർ: മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള സി വിജിൽ ആപ്പിൽ ഇതുവരെ ലഭിച്ചത് 152 പരാതികൾ. ഇതിൽ 140 പരാതികളും തീർപ്പാക്കി. മൂന്ന് പരാതികളിൽ അന്വേഷണം പൂർത്തിയാക്കി. ആറെണ്ണത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. മൂന്ന് പരാതികളിൽ പെരുമാറ്റ ചട്ടലംഘനമില്ലെന്നും കണ്ടെത്തി.ചട്ടലംഘനത്തിൽ പരാതി നൽകിയാൽ നൂറുമിനിറ്റിൽ നടപടി ആണ് സി വിജിൽ ആപ്പ് ഉറപ്പ് നൽകുന്നത്.
പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനർ, പോസ്റ്ററുകൾ സ്ഥാപിക്കൽ, ആയുധങ്ങൾ പ്രദർശിപ്പിക്കൽ/ഭീഷണിപ്പെടുത്തൽ, മതപരമോ വർഗീയമോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ പരാതികളാണ് ആപ്പിലൂടെ നൽകാനാകുന്നത്.

പരാതികളറിയിക്കാം കൺട്രോൾ റൂമിൽ
സി വിജിൽ ആപ്പ് കൺട്രോൾ റൂം നമ്പർ 9188406486, 9188406487.

റാലികളിലുമുണ്ട് പെരുമാറ്റചട്ടം
 യോഗങ്ങൾ, റാലികൾ എന്നിവ സംഘടിപ്പിക്കുമ്പോൾ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം

ക്രമസമാധാനം സംബന്ധിച്ച നിയന്ത്രണങ്ങളോട് സഹകരിക്കണം

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ആവശ്യമായ അനുമതി വാങ്ങണം

 പ്രകടനം തുടങ്ങുന്ന സ്ഥലം, സമയം, അവസാനിപ്പിക്കുന്ന സ്ഥലം, സമയം തുടങ്ങിയവ മുൻകൂട്ടി അറിയിക്കണം. പ്രകടനങ്ങളും റാലികളും ട്രാഫിക് തടസ്സപ്പെടുത്താതെ നടത്തണം

സി വിജിൽ ആപ്പിൽ ഇങ്ങനെ

പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവ പകർത്തി പരാതി നൽകാനുള്ള സംവിധാനം.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റാൾ ചെയ്ത ശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയാണ് പരാതി നൽകുന്നതെങ്കിൽ മൊബൈൽ നമ്പർ നൽകണം. ഫോണിൽ ലഭിക്കുന്ന നാലക്ക ഒ.ടി.പിയും അടിസ്ഥാന വിവരങ്ങളും നൽകി ലോഗിൻ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്തുന്നില്ലെങ്കിൽ അജ്ഞാതൻ എന്ന ഓപ്ഷനുണ്ട്. ഇതിൽ തുടർനടപടികൾ അറിയാനാകില്ല.
ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കണം. പരാതിക്കാരന്റെ ലൊക്കേഷൻ ആപ്പിൽ രേഖപ്പെടുത്തുന്നതോടെ. ഫേട്ടോ/വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ആപ്പിൽ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം ഈ നടപടികൾ പൂർത്തിയാക്കണം.സമയപരിധി അവസാനിച്ചാൽ വീണ്ടും ആപ്പ് തുറന്ന് പരാതി നൽകാം. ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമർപ്പിക്കണം.

Advertisement
Advertisement