രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരത്ത്; പൗരപ്രമുഖരെ കണ്ട് എം.വി.ബാലകൃഷ്ണൻ
കാസർകോട് :യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് ഇന്നലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലായിരുന്നു പര്യടനം.എസ് കെ എസ് എസ് എഫ് ഹൊസങ്കടിയിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരിപാടിയോടെയായിരുന്നു തുടക്കം. പെർളയിൽ എൻമകജെ മണ്ഡലം കൺവെൻഷനിലും കട്ടത്തടുക്കയിലും, സീതാംഗോളിയിലും യുഡിഎഫ് റോഡ് ഷോയിൽ പങ്കെടുത്തു പുത്തിഗെ മുഹിമാത്ത് സന്ദർശിച്ച് താഹിർ തങ്ങളുടെ മഖാമിലെ പ്രാർത്ഥനയിലും പങ്കെടുത്തു. കുമ്പള ഐ.എച്ച് ആർ.ഡി കോളേജിലും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു.ഇതിന് ശേഷം കുമ്പളയിൽ റോഡ് ഷോയിലും പങ്കെടുത്തു.ബ്രഹ്മകലശോത്സവം നടക്കുന്ന പാരെ ആലി ചാമുണ്ഡി ക്ഷേത്ര ദർശനത്തിന് ശേഷം മജീർ പള്ളയിൽ ടൗണിലേക്ക്. മിയപദവ്, പൈവളിഗെ, എന്നിവടങ്ങളിലെ റോഡ് ഷോക്ക് ശേഷം ഉപ്പളയിലാണ് ഉണ്ണിത്താന്റെ ഇന്നലത്തെ പര്യടനം സമാപിച്ചത്. എ.കെ.എം അഷ്റഫ് എം.എൽ.എ ,ജെ.എസ് സോമ ശേഖര,കല്ലട്ര മാഹിൻ ഹാജി,സി ടി അഹമ്മദലി തുടങ്ങിയ പ്രമുഖരടക്കം സ്ഥാനർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഇന്നലെ കാഞ്ഞങ്ങാട് മേലാങ്കോട്ടെ ഡോ.കെ രത്നാകരൻ നമ്പ്യാരുടെ വീട്ടിൽ നിന്നായിരുന്നു പ്രചാരണം തുടങ്ങിയത്. ഉച്ചയോടെ ഉത്സവം നടക്കുന്ന കോട്ടച്ചേരി റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെ മടയനോടും മറ്റ് ആൾക്കാരോടും ഭക്ഷണശാലയിലുമൊക്കെ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥനയുമായി കയറി. സി പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ. രാജ്‌മോഹനൻ, തീരദേശ ലോക്കൽ സെക്രട്ടറി എൻ.വി.ബാലൻ എന്നിവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു. ഉച്ചയോടെ അദ്ദേഹം കാസർകോട്ടെ പൗരപ്രമുഖരെ കാണാൻ യാത്രതിരിക്കുകയായിരുന്നു.
അശ്വിനി വോട്ടുതേടി ട്രെയിനിൽ
രണ്ടുദിവസമായി ഇറങ്ങാതിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ ഇന്നലത്തെ പ്രചാരണം നടന്നത് പ്രധാനമായും ട്രെയിനിൽ. മഞ്ചേശ്വരം മുതൽ പയ്യന്നൂർ വരെയും തിരിച്ചും ട്രെയിൻ യാത്ര നടത്തിയ സ്ഥാനാർത്ഥി യാത്രക്കാരെ ട്രെയിനിലും സ്റ്റേഷനുകളിലുമായി കണ്ട് പിന്തുണ തേടുകയായിരുന്നു.
അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ട പയ്യന്നൂർ, കാസർകോട് സ്റ്റേഷനുകളിൽ മാത്രം 50 കോടിയിൽപരം രൂപയുടെ വികസനമാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് സ്ഥാനാർത്ഥി എടുത്തുപറഞ്ഞു. കെട്ടിടങ്ങളുടെ നവീകരണം, ശൗചാലയങ്ങളും വിശ്രമ മുറികളും പാർക്കിംഗ് സൗകര്യവും എസ്‌കലേറ്ററും ഉൾപ്പെടെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സ്റ്റേഷനിലേക്കുള്ള റോഡുകൾ ഉൾപ്പെടെ 50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽകണ്ടുള്ള സമഗ്ര വികസനമാണ് നടപ്പാക്കുന്നത്. വന്ദേഭാരത് അതിവേഗ ട്രെയിൻ സർവീസുകൾ വലിയ അനുഗ്രഹമാണെന്നും സ്ഥാനാർത്ഥി പറഞ്ഞു. റെയിൽവേ ജീവനക്കാർ ,കച്ചവടക്കാർ, ഓട്ടോ ഡ്രൈവർമാർ എന്നിവരുടെ പിന്തുണയും അശ്വിനി തേടി.
പയ്യന്നൂിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പനക്കീൽ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, മീഡിയ കൺവീനർ ധനഞ്ജയൻ മധൂർ, എൻ.ഡി.എ ചെയർമാൻ എ.കെ രാജഗോപാലൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അഞ്ജു ജോസ്റ്റി, മധു കവ്വായി, സുരേഷ് കേളോത്ത് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.