ഓൺലൈൻ തട്ടിപ്പ് : മൂന്ന് പേർ അറസ്റ്റിൽ

Wednesday 20 March 2024 2:36 AM IST

ആലപ്പുഴ: ഓൺലൈൻ ആപ്പ് വഴി മുഹമ്മ സ്വദേശിയിൽ നിന്ന് 2.15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കണ്ണൂർ പഞ്ചായത്ത് 5ാം വാർഡിൽ പാലയാട് മുണ്ടുപറമ്പ് വീട്ടിൽ നീനുവർഗീസ് (28), മാത്യു (26) കണ്ണൂർ കൂത്തുപറമ്പ് ശങ്കരനെല്ലൂർ നെഹല മഹൽ വീട്ടിൽമുഹമ്മദ് സഹൽ (19) എന്നിവരാണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്. ഒന്നാം പ്രതി വിജയൻ ഒരാഴ്ച മുമ്പ് കണ്ണൂരിൽ പിടിയിലായിരുന്നു. നാട്ടിലെ പരിചയക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. പണം അക്കൗണ്ടിലെത്തുമ്പോൾ ചെറിയൊരു തുക ഉടമയ്ക്ക് നൽകി പിൻവലിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് പരിചയക്കാരുടെ അക്കൗണ്ടുകളിലേക്ക് വന്നത്. ചേർത്തല ഡിവൈ.എസ്.പി. ഷാജിയുടെ മേൽനോട്ടത്തിൽ മുഹമ്മ എസ്.എച്ച്.ഒ കെ.എസ്.വിജയൻ, എസ്.ഐ മനോജ് കൃഷ്ണൻ, സീനിയർ സി.പി.ഒമാരായ കൃഷ്ണകുമാർ, ശ്യാംകുമാർ എന്നിവർ ചേർന്ന് കണ്ണൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻ‌ഡ് ചെയ്തു.

Advertisement
Advertisement