പ്രചരണചൂടിലമർന്ന് മാവേലിക്കര മണ്ഡലം

Wednesday 20 March 2024 3:57 AM IST

ആലപ്പുഴ: തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ ചുട്ടുപൊള്ളുന്ന വെയിലിനെ പോലും അവഗണിച്ച് പ്രചരണരംഗത്ത് സജീവമാണ് മാവേലിക്കര ലോക്സഭാ മണ്‌ഡലത്തിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും. പ്രചരണത്തിൽ ബഹുദൂരം മുന്നേറിയ ഇടതുമുന്നണി സ്ഥാനാർത്ഥിക്കൊപ്പമെത്താനുള്ള ഓട്ട പ്രദക്ഷിണത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷും എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയും. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ കേന്ദ്രതിര‍ഞ്ഞെടുപ്പ് കമ്മിറ്രി ഓഫീസിന്റെ ഉദ്ഘാടനമായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ ഇന്നലത്തെ പ്രധാന പരിപാടി. മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രൊഫ.പി.ജെ കുര്യനാണ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. ചെങ്ങന്നൂരിലെ ഓഫീസ് ഉദ്ഘാടന ശേഷം കുട്ടനാട്ടിലെ പളളികൾ സന്ദർശിച്ച കൊടിക്കുന്നിൽ,​ ഉച്ചയ്ക്ക്ശേഷം ചങ്ങനാശേരിയിലായിരുന്നു പ്രചരണം.

ജന്മനാടായ താമരക്കുളത്തായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ പ്രചരണം. രാവിലെ പതിനൊന്നരവരെ താമരക്കുളത്തെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ബൈജു കലാശാല,​ ഉച്ചയോടെ കുട്ടനാട്ടിലെ കല്ലൂർക്കാട് സെന്റ് മേരിസ് ബസലിക്ക, കായൽപ്പുറം പള്ളി, കണ്ടംകേരി പ്പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കായൽപ്പുറം പള്ളിയിലെ ഊട്ട് നേർച്ചയിലും സംബന്ധിച്ചു. ഇന്ന് രാവിലെ 8 മുതൽ മാവേലിക്കര മണ്ഡലത്തിലാണ് ബൈജുകലാശാലയുടെ സമ്പർക്കം. വൈകിട്ട് 5.30 ന് മാന്നാർ മണ്ഡലത്തിൽ റോഡ്ഷോയും നടത്തും.

കുട്ടനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി അരുൺകുമാറിന്റെ പര്യടനം. പ്രമുഖ വ്യക്തികളെ നേരിൽ കണ്ട അരുൺ കൊയ്ത്തും നെല്ല് സംഭരണവും നടക്കുന്ന പാടശേഖരങ്ങളിലും സന്ദർശനം നടത്തി. വൈകിട്ട് മൂന്നുമണിയോടെ കൈനകരിയിൽ എം.എൽ.എ ഓഫീസിന് സമീപത്ത് നിന്ന് എം.എൽ.എ തോമസ്കെ തോമസിനും ഇടതുമുന്നണി നേതാക്കൾക്കുമൊപ്പം കുട്ടനാട്ടിലെ വിവിധ ഗ്രാമങ്ങളിൽ പര്യടനം നടത്തി. ഇന്ന് പത്തനാപുരം മണ്ഡലത്തിലാണ് അരുണിന്റെ പ്രചരണ പരിപാടി.

Advertisement
Advertisement