എ.ബി.സി പദ്ധതിക്കും തിരഞ്ഞെടുപ്പ് കുരുക്ക്
ആലപ്പുഴ: പേവിഷ പ്രതിരോധത്തിന്റെ ഭാഗമായുള്ള തെരുവ് നായ് വന്ധ്യംകരണ പദ്ധതിക്ക്
തിരിച്ചടിയായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തെരുവുനായ് വന്ധ്യംകരണത്തിനുള്ള ആലപ്പുഴ ബീച്ചിലെയും കണിച്ചുകുളങ്ങരയിലെയും എ.ബി.സി സെന്ററുകളിൽ ഉപകരണങ്ങൾ ഉൾപ്പടെ
സജ്ജമാക്കി ജീവനക്കാരുടെ നിയമന നടപടികളും പൂർത്തിയായപ്പോഴാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായത്. മൃഗക്ഷേമ ബോർഡിന്റെ അനുമതി കൂടി ലഭിച്ചാൽ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നു.
തെരുവുനായ്ക്കൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും പേവിഷ ഭീതി പരക്കുകയും ചെയ്തതോടെയാണ് ആലപ്പുഴയിൽ തെരുവുനായ നിർമ്മാർജന പരിപാടി അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചത്.
സെന്റർ സർവ്വസജ്ജം
1.എ.ബി.സി സെന്ററിലെ ഓപ്പറേഷൻ തീയറ്ററിന് ആവശ്യമായ ആട്ടോക്ലേവ് മെഷീൻ, മരുന്നുകൾ സൂക്ഷിക്കാനുള്ള ഫ്രിഡ്ജ്. ഇൻവെർട്ടർ തുടങ്ങിയവ സംവിധാനങ്ങളെല്ലാം സജ്ജമായി കഴിഞ്ഞു
2. വന്ധ്യം കരണത്തിന് വിധേയമായ നായ്‌ക്കളെ പാർപ്പിക്കാനായി 70 ഓളം കൂടുകൾ ആവശ്യമുണ്ട്. നിലവിൽ കണിച്ചുകുളങ്ങരിയിൽ 30 കൂടുകളുണ്ടെങ്കിലും അവ മതിയാകാത്ത സാഹചര്യത്തിൽ അവിടേക്ക് 20ഉം ആലപ്പുഴയിലേക്ക് അമ്പതും പുതിയ കൂടുകളുടെ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്
3.കൂടുകൾ എത്തിച്ചേരുന്നതിനൊപ്പം തിരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിക്കുകയും ചെയ്താൽ ജൂണിൽ തന്നെ വന്ധ്യംകരണ നടപടികൾ ആരംഭിക്കാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രതീക്ഷ
19 ഹോട്ട് സ്പോട്ടുകൾ
ജില്ലയിൽ തുടർച്ചയായി തെരുവുനായ ആക്രമണമുണ്ടായ 19 സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി തിരിച്ചിട്ടുണ്ട്. ഇവിടങ്ങളിലുൾപ്പെടെ 19,000 തെരുവ്നായ്ക്കൾ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. അപകടകരമായ സാഹചര്യം കണക്കിലെടുത്ത് പേവിഷ പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. 10,000 നായ്ക്കൾക്ക് വാക്സിനേഷൻ പൂർത്തിയാക്കി. ഒരുനായക്ക്
1500 രൂപ ക്രമത്തിലൊടുക്കി 200 നായ്ക്കളെ വീതം ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലും വന്ധ്യം കരണത്തിന് വിധേയമാക്കാനാണ് പദ്ധതി.
ബീച്ചിലും കണിച്ചുകുളങ്ങരയിലും എ.ബി.സി സെന്ററുകൾ സജ്ജമാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പദ്ധതി നടപ്പാക്കാനാകുമെന്നാണ് കരുതുന്നത്.
-ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ആലപ്പുഴ