പുഷ്പവൃഷ്ടിയിൽ അലിഞ്ഞ് പാലക്കാട്ട് 'മോദി ഷോ"
പാലക്കാട്: പുഷ്പവൃഷ്ടിയിലമർന്ന പാലക്കാടൻ വീഥിയിൽ ബി.ജെ.പി പ്രവർത്തകർക്ക് ആവേശമേകി തുറന്നജീപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. 39 ഡിഗ്രി സെൽഷ്യസ് ചൂടിലും നിറുത്താതെ മുദ്രാവാക്യം മുഴക്കി 8.30 മുതൽ റോഡിനിരുവശവും സ്ത്രീകളുൾപ്പെടെയുള്ളവർ കാത്തുനിന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി കേരളത്തിലെത്തിയ മോദിയെ കാത്ത് പാലക്കാട് കോട്ടമൈതാനം അഞ്ചുവിളക്കിൽ നിന്ന് ഹെഡ് പോസ്റ്റോഫീസിന് ഇരുപുറവുമായി അരലക്ഷം ജനങ്ങളാണ് അണിനിരന്നത്. 10.15ന് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലിറങ്ങിയ പ്രധാനമന്ത്രി റോഡ് ഷോയ്ക്കായി അഞ്ചുവിളക്കിന് സമീപം എത്തിയപ്പോൾ സമയം 10.35.
വെള്ള കുർത്തയും കറുത്ത കരയുള്ള കസവ് ഷാളും കാവിത്തൊപ്പിയും ധരിച്ചെത്തിയ മോദിയെ ബി.ജെ.പി കേരളപ്രഭാരി പ്രകാശ് ജാവദേക്കർ, ജില്ലാ പ്രസിഡന്റ് ഹരിദാസ്, പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരൻ, ഉപാദ്ധ്യക്ഷൻ കൃഷ്ണദാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അലങ്കരിച്ച തുറന്ന ജീപ്പിലേക്ക് മോദി കയറിയതോടെ പ്രവർത്തകരിൽ ആവേശം അണപൊട്ടി. ബി.ജി.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, എൻ.ഡി.എ പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളായ സി. കൃഷ്ണകുമാറും നിവേദിതാ സുബ്രഹ്മണ്യനും അദ്ദേഹത്തെ അനുഗമിച്ചു.
35 മിനിട്ടിൽ 900 മീറ്റർ റോഡ് ഷോ
10.45ന് ആരംഭിച്ച റോഡ് ഷോ ജില്ലാ ആശുപത്രി, കോ-ഓപ്പറേറ്റീവ് ആശുപത്രി, അർബൻ ബാങ്ക്, ഗണപതി ക്ഷേത്രം, സുൽത്താൻപേട്ട ജംഗ്ഷനും കഴിഞ്ഞ് ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്തെത്തിയപ്പോൾ സമയം 11.20 ആയി. 900 മീറ്റർ റോഡ് ഷോ പൂർത്തിയാക്കാനെടുത്തത് 35 മിനിട്ട്.
മുൻ നിശ്ചയിച്ചതിലും15 മിനിട്ട് വൈകിയാണ് പ്രധാനമന്ത്രി പാലക്കാട്ടെത്തിയത്. റോഡ് ഷോയ്ക്കു ശേഷം മേഴ്സി കോളേജ് ഗ്രൗണ്ടിലെത്തി പ്രധാനമന്ത്രി തമിഴ്നാട്ടിലെ സേലത്തേക്ക് പോയി. എസ്.പി.ജിക്ക് പുറമേ എ.ഡി.ജി.പി അജിത് കുമാർ, ഐ.ജി കെ. സേതുരാമൻ, ഡി.ഐ.ജി അജിതാബീഗം, എസ്.പി ആർ. ആനന്ദ് തുടങ്ങിയവർ സുരക്ഷയ്ക്ക് നേതൃത്വം നൽകി.