മുഖ്യമന്ത്രിയ്‌ക്ക് മോദിയുമായി അന്തർധാര: ചെന്നിത്തല
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അന്തർധാര കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായ കേസുകൾ ഇഴയുന്നതെന്ന്
കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കും. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. മോദിയുടെ ഗ്യാരന്റികളെല്ലാം പാഴായി. ഓരോ വാഗ്ദാനങ്ങളും നുണകളായിരുന്നു. 400 സീറ്റ് നേടുമെന്ന് കള്ളപ്രചാരണം നടത്തുകയാണ്. 2004ലെ ഫലം ആവർത്തിക്കും.
മോദി ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തിയെഴുതും. സി.എ.എ നടപ്പാക്കുന്നതിലൂടെ രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് നീക്കം.സി.പി.എമ്മിനും സി.പി.ഐക്കും മോദിയോട് ഉള്ളതിനേക്കാൾ എതിർപ്പ് കോൺഗ്രസിനോടാണ്. കോൺ്രഗസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. എൽ.ഡി.എഫിന്റെ മുഖ്യശത്രു ആരെന്ന് അവർ വെളിപ്പെടുത്തണം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബാന്ധവത്തിന്റെ പാലമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ത്യാ മുന്നണി വരണമെന്ന് മുനവ്വറലി തങ്ങൾ
തനിരപേക്ഷ ഇന്ത്യക്കായി കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി അധികാരത്തിലേറണമെന്ന് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. എൻ.ഡി.എയെ അറബിക്കടലിലേക്ക് വലിച്ചെറിയാൻ ഇന്ത്യാ മുന്നണിക്കേ കഴിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ കൺവീനർ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ് എം.എൽ.എ, എം. വിൻസന്റ് എം.എൽ.എ, പാലോട് രവി, കെ.എസ്. ശബരീനാഥൻ, വി.എസ്. ശിവകുമാർ, എൻ. ശക്തൻ, ചെറിയാൻ ഫിലിപ്പ്, മര്യാപുരം ശ്രീകുമാർ, ജി.എസ്. ബാബു, മോഹൻരാജ്, ടി. ശരത്ചന്ദ്രപ്രസാദ്, എൻ. പീതാംബരക്കുറുപ്പ് , കെ. മോഹൻകുമാർ, എ.ടി. ജോർജ്, ആർ. സെൽവരാജ്, എം.എ. വാഹിദ്, കൊട്ടാരക്കര പൊന്നച്ചൻ, ബീമാപള്ളി റഷീദ്, എം.ആർ. മനോജ്, ഇറവൂർ പ്രസന്നകുമാർ, കരുമം സുന്ദരേശൻ, ആർ.എസ്. ഹരി, തിരുപുറം ഗോപൻ, ജോണി ചെക്കിട്ട ,ബാലരാമപുരം സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.