കുത്തിത്തിരിപ്പില്ലെങ്കിൽ ഗോപിയാശാനെ കാണാൻ ശ്രമിക്കും: സുരേഷ് ഗോപി

Wednesday 20 March 2024 1:28 AM IST

തൃശൂർ: കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ കാണാൻ ഇനിയും ശ്രമിക്കുമെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഇതിനെയൊന്നും രാഷ്ട്രീയ പശ്ചാത്തലത്തിൽ കാണുന്നത് ഇഷ്ടമല്ല. ഇത് അവഗണനയായി എടുക്കുന്നില്ല. രാഷ്ട്രീയ ബാദ്ധ്യതയായിട്ടാണ് കാണുന്നത്. തന്നെ സ്‌നേഹിക്കുന്നുണ്ടോയെന്ന് അവരുടെ ഹൃദയത്തോട് ചോദിക്കൂ. ആ സ്‌നേഹം താൻ തൊട്ടറിഞ്ഞിട്ടുണ്ടല്ലോ. ഇതവരുടെ രാഷ്ട്രീയ ബാദ്ധ്യത മാത്രമാണ്.
സന്ദർശനത്തിന് സമ്മതമുണ്ടെങ്കിൽ തീർച്ചയായും പോകും. ഇല്ലെങ്കിലും ആ സമർപ്പണം ചെയ്യും. ഗുരുവായൂരപ്പന്റെ ദീപസ്തംഭത്തിന് മുമ്പിൽ വച്ചിരിക്കുന്ന പെട്ടിക്ക് മുകളിൽ അദ്ദേഹത്തിനുള്ള മുണ്ടും നേര്യതും വെറ്റിലപ്പാക്കും ഗുരു ദക്ഷിണ വച്ച് പ്രാർത്ഥിക്കും. ഗോപിയാശാനുള്ള ദക്ഷിണയാണെന്ന് പറഞ്ഞു വച്ചിട്ട് പോകും. തന്റെ വീട്ടിലേക്ക് വോട്ട് തേടി വി.കെ.പ്രശാന്ത് അടക്കം വന്നിട്ടുണ്ട്. ബി.ജെ.പിയിൽ ചേർന്നതിന് ശേഷമാണ് എല്ലാവരും വന്നത്. കെ.മുരളീധരനും വന്നിട്ടുണ്ട്. വന്നവരെയെല്ലാം സ്വീകരിച്ചിട്ടുണ്ട്. തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. താനൊരു പഴയ എസ്.എഫ്.ഐക്കാരനാണ്. എം.എ.ബേബിയോട് ചോദിച്ചാൽ അക്കാര്യം അറിയാം. എം.എ.ബേബിയുടെ ക്ലാസിൽ ഇരുന്നിട്ടുണ്ടെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement