ബെഹാരംപൂരിൽ ആറാമൂഴത്തിന് അധീർ രഞ്ജൻ ചൗധരി

Wednesday 20 March 2024 1:30 AM IST

ന്യൂഡൽഹി: മധുരത്തിന്റെ നാടായ ബംഗാളിൽ രസഗുളയ്‌ക്ക് പേരുകേട്ട സ്ഥലമാണ് ബെഹാരംപൂർ. ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഭരണത്തിന് നാന്ദി കുറിച്ച ഈസ്റ്റ് ഇന്ത്യാകമ്പനി ആദ്യമായി തമ്പടിച്ച സ്ഥലമെന്ന ചരിത്ര പ്രധാന്യവുമുണ്ട്. പിന്നീട് ഡച്ച്-ഫ്രഞ്ച് അധിനിവേശങ്ങൾക്കും സാക്ഷിയായ ബെഹാരംപൂർ അങ്ങനെ വ്യവസായ കേന്ദ്രമായും മാറി. പശ്‌ചിമ ബംഗാളിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരവും മുർഷിദാബാദ് ജില്ലയുടെ ആസ്ഥാനവുമാണിന്ന്.

ലോക് സഭയിലെ കോൺഗ്രസ് നേതാവും പശ്‌ചിമ ബംഗാളിലെ കോൺഗ്രസിന്റെ മുഖവുമായ അധീർ രഞ്ജൻ ചൗധരിയുടെ മണ്ഡലമെന്ന നിലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെഹാരംപൂർ അടുത്തകാലത്തായി ദേശീയ ശ്രദ്ധ നേടുന്നു. 1999 മുതൽ ഇവിടുത്തെ സിറ്റിംഗ് എംപിയാണ് അദ്ദേഹം. കന്നിമത്സരത്തിനിറങ്ങിയ 1999ലും 2019ലും ഒഴികെ എല്ലാ തവണയും 50 ശതമാനത്തിൽ കൂടുതൽ വോട്ടു നേടിയായിരുന്നു ജയം.

1984ൽ ഒഴികെ 1999 വരെ ആർ.എസ്.പി കോട്ടയായിരുന്നു ബെഹാരംപൂർ. 1996, 98 തിരഞ്ഞെടുപ്പുകളിൽ ജയിച്ച ആർ.എസ്.പിയുടെ പ്രമോത്തസ് മുഖർജിയെ തോൽപ്പിച്ച് മണ്ഡലം പിടിച്ച അധീർ പിന്നെ തിരിച്ചു നോക്കിയില്ല.

മത്സരം ഇന്ത്യ മുന്നണിക്കിടയിൽ

പശ്‌ചിമ ബംഗാളിൽ 'ഇന്ത്യാ' മുന്നണിയിൽ ചേരാതെ ഒറ്റയ്‌ക്ക് മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2014ൽ 19 ശതമാനമായിരുന്നു പാർട്ടി വോട്ട്. എന്നാൽ 2019ൽ അധീറിന് പിന്നിൽ രണ്ടാമതെത്തിയ അപൂർബ സർക്കാർ 39ശതമാനം വോട്ടു നേടിയത് പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നത്.

എന്നാൽ മണ്ഡലത്തിൽ വേരുറപ്പിക്കുന്ന ബി.ജെ.പിയും അധീറിന് ഭീഷണിയാണ്. ജനസംഖ്യയിൽ 90ശതമാനം ഹിന്ദു വോട്ടുകളുള്ള മണ്ഡലത്തിൽ ബി.ജെ.പിക്ക് മോശമല്ലാത്ത സ്വാധീനമുണ്ട്. ഇടതു പാർട്ടികളുമായുള്ള സഖ്യം വന്ന് ആർ.എസ്.പി ഇക്കുറി മത്സരിക്കാതിരുന്നാൽ അധീറിന് നേട്ടമാകും.

മുൻ നക്‌സൽ പ്രവർത്തകനായ അധീർ സി.പി.എമ്മുമായി പോരടിച്ചാണ് കോൺഗ്രസിന്റെ നേതാവായത്. പിന്നീട് സി.പി.എമ്മിന്റെ റോൾ ഏറ്റെടുത്തത് തൃണമൂൽ കോൺഗ്രസ്. തൃണമൂലിനെ എതിർക്കാൻ സി.പി.എമ്മിന്റെ സഹായം അധീറിന് ലഭിക്കുന്നത് രാഷ്ട്രീയ കൗതുകവും. ഈ പോരിനിടയിൽ അവസരം മുതലാക്കാനാകും ബി.ജെ.പി സ്ഥാനാർത്ഥി ഡോ.നിർമ്മൽ കുമാർ സാഹ ശ്രമിക്കുക.

2019ലെ ഫലം

1.അധീർ രഞ്ജൻ ചൗധരി(കോൺഗ്രസ്): 591106(45.43%)

2.അപൂർബ സർക്കാർ(തൃണമൂൽ): 510410(39.23%)

3. കൃഷ്ണ ജോയാർദാർ(ബി.ജെ.പി): 143038(10.99%)

4. ഐഡി മുഹമ്മദ് (ആർ.എസ്.പി):13362(1.03%)

5കുശദജ് ബാല(ബിഎസ്‌പി): 2914(0.22%)

6. ആശിഷ് സിംഗ്(ശിവസേന):1217(0.09%)

Advertisement
Advertisement