തിളച്ചുമറിഞ്ഞ് പത്തനംതിട്ട

Wednesday 20 March 2024 1:33 AM IST

പത്തനംതിട്ട: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുമുമ്പേ പത്തനംതിട്ടയിൽ പോര് കനത്തതാണ്. മുൻ ധനമന്ത്രി തോമസ് ഐസക്കിനെ നേരത്തേയിറക്കി എൽ.ഡി.എഫ് നിലമാെരുക്കി. യു.ഡി.എഫ് പോരാളിയായി ആന്റോ ആന്റണി മണ്ഡലപര്യടനം നടത്തി. ആന്റോയുടെ രാഷ്ട്രീയ ഗുരു എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ രംഗത്തിറക്കി എൻ.ഡി.എയുടെ പുതിയ പരീക്ഷണം. കൊടും ചൂടിൽ രാഷ്ട്രീയം തിളച്ചുമറിയുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കുന്നു.

നാലാം വിജയം ഉറപ്പ്: ആന്റോ ആന്റണി

മണ്ഡലത്തിലെ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വോട്ടർമാർക്കറിയാം. കേന്ദ്രഭരണം മാറണമെന്ന പൊതുവികാരം ശക്തമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണമാണ് നല്ലതെന്ന ചിന്ത വോട്ടർമാർക്കുണ്ട്. വിലക്കയറ്റത്താൽ ജനങ്ങൾ പൊറുതിമുട്ടി. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളത്. പി.എസ്.സി ലിസ്റ്റിനെ നോക്കുകുത്തിയാക്കി ക്രിമിനൽ പശ്ചാത്തലമുള്ളവരെ പിൻവാതിലിലൂടെ നിയമിക്കുന്നു. എൽ.ഡി.എഫ് സർക്കാർ നാടിനെ നശിപ്പിച്ചു. രണ്ടുവർഷം ഫണ്ട് ഇല്ലാതിരുന്നിട്ടും വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കി. മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങളും സ്വന്തമായി എഫ്.എം സ്റ്റേഷനും സ്ഥാപിച്ചു. പാസ്പോർട്ട് സേവാകേന്ദ്രം കൊണ്ടുവന്നു. പത്തനംതിട്ട ഡിജിറ്റൽ ജില്ലായായി. 28 ആംബുലൻസുകൾ നൽകി. മൂന്നു ദേശീയപാതകളാണ് മണ്ഡലത്തിനു അനുവദിച്ചത്. 253 കിലോമീറ്റർ ഗ്രാമീണ റോഡുകൾ ദേശീയ നിലവാരത്തിൽ നിർമ്മിച്ചു. ജനങ്ങൾക്കുവേണ്ടി നിൽക്കാനായി എന്നതാണ് ആത്മവിശ്വാസം. റബർകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പാർലമെന്റിൽ സംസാരിച്ചു. പുറത്ത് സമരം ചെയ്തു. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുറപ്പാണ്.

ഇടതുസാന്നിദ്ധ്യം ശക്തമാക്കണം: തോമസ് ഐസക്

ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കുകയെന്നതാണ് എൽ.ഡി.എഫ് അജൻഡ. 'ഇന്ത്യ" മുന്നണി അധികാരത്തിലെത്തണം. കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ പാർലമെന്റിൽ ശക്തമായ ഇടതുപക്ഷ സാന്നിദ്ധ്യം വേണം. ഒന്നാം യു.പി.എ സർക്കാർ ഒട്ടേറെ ജനോപകാരപ്രദമായ നിയമനിർമ്മാണങ്ങൾ നടത്തി. രണ്ടാം യു.പി.എ സർക്കാർ കോൺഗ്രസിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. ബി.ജെ.പിക്കെതിരായ ബദലിനു ജനങ്ങൾക്ക് വിശ്വമുള്ളത് ഇടതുപക്ഷത്തെയാണ്. കേരള വളർച്ചയുടെ അടുത്ത ഘട്ടം വിജ്ഞാന സമ്പദ്ഘടനയാണ്. വിജ്ഞാന പത്തനംതിട്ട എന്നതാണ് മണ്ഡലത്തിൽ എൽ.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള ക്രിയാത്മക പരിപാടികളാണുള്ളത്. ഇതിന്റെ തുടമായി 10,​000 തൊഴിലുകളുടെ വിവരങ്ങൾ വീടുകളിൽ എത്തിച്ചു. താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത് പരിശീലനം നേടാം. ഹൈടെക് കൃഷി രീതിയാണ് മറ്റൊന്ന്. 25 സെന്റിൽ നിന്ന് ഒന്നര ലക്ഷം രൂപ ഹൈടെക് കൃഷിയിലൂടെ നേടാം. 18 വിളകളാണ് ഇതിലുള്ളത്. റബർ കർഷകരുടെ പ്രശ്നങ്ങളും വന്യമൃഗ ശല്യവും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകും.

മോദിക്കൊപ്പം നിൽക്കാം: അനിൽ ആന്റണി

കഴിഞ്ഞ 10 വർഷം ഇന്ത്യയുടെ സുവർണ കാലമായിരുന്നു. സൗജന്യ ഗ്യാസ് കണക്ഷൻ, ജൽജീവൻ പദ്ധതി, മുദ്രലോൺ, വീടുകൾ, ശൗചാലയങ്ങൾ തുടങ്ങിയവയിലൂടെ അടസ്ഥാന മേഖലയിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്തി. കാർഷികമേഖലയിൽ കുതിച്ചു ചാട്ടമുണ്ടായി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മോദി ഇന്ത്യയെ വളർത്തി. ഐ.ഐ.ടികൾ മൂന്നിരട്ടിയായി വർദ്ധിച്ചു. കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളങ്ങളും സ്ഥാപിച്ചു. 40 ലക്ഷത്തോളം പേർക്ക് സ്റ്റാർട്ടപ്പിലൂടെ തൊഴിൽ ലഭിച്ചു. യുവത്വത്തെ മോദി നാടിന്റെ മുന്നേറ്റത്തിന്റെയും വികസനത്തിന്റെയും ഭാഗമാക്കിയപ്പോൾ കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐക്കാർ അവരെ തല്ലിക്കൊല്ലുന്നു. കേരളത്തിലെ കർഷകർ ദുരിതത്തിലാണ്. വിളകൾക്ക് വിലയില്ല. ശബരിമലയും മാരാമൺ കൺവെൻഷനും ഹിന്ദുമത പരിഷത്തും മഞ്ഞിനിക്കര പെരുന്നാളും ശ്രീനാരായണ കൺവെൻഷനും നടക്കുന്ന ജില്ലയിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകളാണുള്ളത്. 15 വർഷം പത്തനംതിട്ട എം.പിയായിരുന്നയാൾ എന്താണ് ചെയ്തത്. ഇപ്പോൾ അദ്ദേഹം പാകിസ്ഥാനെ ന്യായീകരിക്കുന്നു. മോദിയുടെ വികസന കാഴ്ചപ്പാടിനൊപ്പം പത്തനംതിട്ടയും ഉണ്ടാകുമെന്ന് ഉറപ്പാണ്.

Advertisement
Advertisement