ഹേമന്ത് സോറന്റെ സഹോദരഭാര്യ ബി.ജെ.പിയിൽ

Wednesday 20 March 2024 1:56 AM IST

റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) എം.എൽ.എയും മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയുമായ സീത മുർമു സോറൻ ബി.ജെ.പിയിൽ ചേർന്നു. ഹേമന്ത് സോറന്റെ മൂത്ത സഹോദരൻ അന്തരിച്ച ദുർഗ സോറന്റെ ഭാര്യയാണ് സീത സോറൻ. ജെ.എം.എമ്മിൽ നിന്ന് രാജിവയ്ക്കുന്നതായി ഇന്നലെ രാവിലെ പാർട്ടി അദ്ധ്യക്ഷനും ഭർതൃപിതാവുമായ ഷിബു സോറന് സീത കത്ത് നൽകിയിരുന്നു. ജമാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ സീത, നിയമസഭാംഗത്വവും രാജിവച്ചു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തുവച്ചു നടന്ന ചടങ്ങിൽ വച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഷിബു സോറനെ 'ബഹുമാനപ്പെട്ട ബാബ' എന്ന് അഭിസംബോധന ചെയ്തുള്ള രാജിക്കത്തിൽ 'ഭർത്താവിന്റെ മരണശേഷം ഞാനും കുടുംബവും അവഗണിക്കപ്പെട്ടെന്ന് സീത പറയുന്നു.

പാർട്ടിയിലെ അംഗങ്ങളും കുടുംബവും മാറ്റിനിറുത്തിയത് ഞങ്ങളെ നിരാശരാക്കി. കാലക്രമേണ സ്ഥിതി മാറുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ അത് സംഭവിച്ചില്ല. മഹത്തായ ഒരു സംഘടനയായി എന്റെ ഭർത്താവ് കെട്ടിപ്പടുത്ത പാർട്ടി ആദർശങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നത് വേദനാജനകമാണ്. എത്ര ശ്രമിച്ചിട്ടും കുടുംബത്തെ ഐക്യപ്പെടുത്തുന്നതിൽ ഷിബു പരാജയപ്പെട്ടു. എനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഈയടുത്താണ് അറിഞ്ഞത്. അതിനാൽ ജെ.എം.എം കുടുംബം വിടേണ്ടി വരുമെന്നും സീത കത്തിൽ വ്യക്തമാക്കി.

ജെ.എം.എം തനിക്ക് അർഹതപ്പെട്ടത് നൽകിയില്ലെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം സീത പ്രതികരിച്ചു . 'ഞാൻ 14 വർഷം പാർട്ടിയെ സേവിച്ചു, പക്ഷേ 14 വർഷത്തിനുള്ളിൽ എനിക്ക് ലഭിക്കേണ്ട ബഹുമാനം ലഭിച്ചിട്ടില്ല, അതിനാൽ ഭർത്താവിന്റെ കഠിനാധ്വാനത്തെ മാനിച്ച് എനിക്ക് ഈ വലിയ തീരുമാനം എടുക്കേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ മുഴുവൻ പര്യടനം നടത്തുന്നു, ഇന്ത്യയുടെ പേര് വിദേശരാജ്യങ്ങളിൽ പോലും ചർച്ചയാകുന്നു'- സീത പ്രതികരിച്ചു. കുറച്ചു വർഷങ്ങളായി പാർട്ടിക്കെതിരെ സീത ശബ്‌ദമുയർത്തുന്നുണ്ട്.

വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അതിനുമുമ്പ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ ചമ്പൈ സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

Advertisement
Advertisement