പാർട്ടി അനീതി നേരിട്ടു; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു, എൻ.ഡി.എ വിട്ട് രാഷ്ട്രീയ ലോക് ജനശക്തി
ന്യൂഡൽഹി: ലോക്‌സഭാ സീറ്റ് ചർച്ചയിലെ അവഗണനയുടെ പേരിൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച പശുപതി പരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ.ഡി.എ ബന്ധവും ഉപേക്ഷിച്ചു. ബീഹാറിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പരസുമായി 'ഇന്ത്യ" മുന്നണി നേതാക്കൾ ചർച്ച തുടങ്ങിയെന്നാണ് സൂചന. അവസരങ്ങൾ നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. എന്നാൽ എൻ.ഡി.എ സീറ്റ് ധാരണ പ്രഖ്യാപിച്ചപ്പോൾ പാർട്ടി അനീതി നേരിട്ടു. അതിനാൽ മന്ത്രിസ്ഥാനം രാജിവയ്‌ക്കുന്നു. കോൺഗ്രസ്-ആർ.ജെ.ഡി സഖ്യവുമായോ 'ഇന്ത്യ" വിഭാഗവുമായോ നിലവിൽ ധാരണയില്ലെങ്കിലും എവിടെയും പോകാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിറ്റിംഗ് സീറ്റായ ഹാജിപൂർ സീറ്റിൽ മത്സരിക്കുമെന്നും അറിയിച്ചു. മറ്റ് നാല് എം.പിമാരും അവരുടെ സിറ്റിംഗ് സീറ്റിൽ മത്സരിക്കും.
പരസിന്റെ അനന്തരവനും അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുമായി (എൽ.ജെ.പി) ബി.ജെ.പി സീറ്റ് ധാരണ ഉറപ്പിച്ചതിന് പിന്നാലെയാണ് നീക്കം. ഹാജിപൂർ അടക്കം അഞ്ച് സീറ്റുകളാണ് ബി.ജെ.പി എൽ.ജെ.പിക്ക് നൽകിയത്.
അവിഭക്ത എൽ.ജെ.പിയുടെ ഭാഗമായിരുന്ന പരസ് രാംവിലാസ് പാസ്വാൻ മരിച്ച ശേഷം ചിരാഗുമായുണ്ടായ തർക്കങ്ങളെ തുടർന്നാണ് പുതിയ പാർട്ടി രൂപീകരിച്ചത്. നാല് എം.പിമാർക്കൊപ്പം പരസിനെ അംഗീകരിച്ച ബി.ജെ.പി ഭക്ഷ്യസംസ്‌കരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സ്ഥാനവും നൽകി.
എന്നാൽ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിച്ച ചിരാഗിന് ജനസംഖ്യയുടെ ആറു ശതമാനത്തോളം വരുന്ന പാസ്വാൻ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതാണ് ബി.ജെ.പിയെ മറിച്ചു ചിന്തിപ്പിച്ചത്. ചിരാഗും എൽ.ജെ.പിയും വോട്ടുകൾ ഭിന്നിപ്പിച്ചത് ജെ.ഡി.യുവിന് തിരിച്ചടിയായി. ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും എൻ.ഡി.എ സഖ്യകക്ഷികളാണ്. ബീഹാറിലെ ധാരണ പ്രകാരം ബി.ജെ.പി 17 സീറ്റുകളിലും ജെ.ഡി.യു 16ലും എൽ.ജെ.പി അഞ്ചിലും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച, ഉപേന്ദ്ര കുശ്‌വാഹയുടെ ആർ.എൽ.എം എന്നിവ ഓരോ സീറ്റിലും മത്സരിക്കും.