മേഘാലയയിൽ ഹിറ്റ്ലറെ കെന്നഡി പൊക്കി!
ന്യൂഡൽഹി:
അഡോൾഫ് ഹിറ്റ്ലറെ മേഘാലയയിൽ ജോൺ എഫ്.കെന്നഡി അറസ്റ്ര് ചെയ്തു. 2008ലെ പത്രവാർത്ത കണ്ട് ജനം അമ്പരന്നു. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിൽ തിളച്ചുമറിയുമ്പോൾ സമൂഹ മാദ്ധ്യമത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷനാണ് രസകരമായ ഈ കൂൾ സംഭവം പങ്കുവച്ചത്.
2008ലെ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് കാലം. എൻ.സി.പി സ്ഥാനാർത്ഥിയുടെ പേര് അഡോൾഫ് ഹിറ്റ്ലർ. പ്രചാരണത്തിനിടെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. അറസ്റ്റ് ചെയ്ത പൊലീസിന്റെ പേരാകട്ടെ അതിലും വിചിത്രം, ജോൺ എഫ്. കെന്നഡി. ഇതാണ് പത്രവാർത്തയ്ക്കാധാരം. ഇന്നാണെങ്കിൽ സമൂഹമാദ്ധ്യമങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കി ആഘോഷിച്ചേനെ. ഹിറ്റ്‌ലർ ഇലക്ഷനിൽ ജയിച്ച് എം.എൽ.എയായി. കഴിഞ്ഞ വർഷം തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
പിതാവ് ബ്രിട്ടീഷ് സൈന്യത്തിലായിരുന്നെന്നും ഹിറ്റ്ലറെ ഇഷ്ടമുള്ളതുകൊണ്ടാണ് തനിക്ക് ആ പേരിട്ടതെന്നും മേഘാലയയിലെ ഗ്രാമത്തിലിരുന്ന് ഹിറ്റ്ലർ പറയുന്നു. ഈ പേരു കൊണ്ട് നാട്ടിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പക്ഷേ വിദേശ യാത്രയ്ക്കിടെ പെട്ടു. ഒരു മണിക്കൂറോളം ന്യൂയോർക്ക് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. എന്തുകൊണ്ടാണ് ഈ പേരെന്ന് അവർക്കറിയണം. കാര്യം വിശദീകരിച്ചതോടെ യു.എസ് കസ്റ്റംസിന് മനസ്സിലായി യഥാർത്ഥ ഹിറ്റ്ലറെപ്പോലെ ക്രൂരനല്ല കക്ഷിയെന്ന്. ഹസ്തദാനം നൽകി വിട്ടയച്ചു.