അകാലിദളുമായി വീണ്ടും സഖ്യത്തിന് ബി.ജെ.പി

Wednesday 20 March 2024 12:05 AM IST

ന്യൂഡൽഹി: ലോക‌്സഭയിൽ പരമാവധി സീറ്റ് നേടാൻ മുൻ എൻ.ഡി.എ പങ്കാളികളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ബി.ജെ.പി പഞ്ചാബിൽ വീണ്ടും അകാലിദളുമായി കൈകോർക്കുന്നു. മാർച്ച് 22ന് നടക്കുന്ന അകാലിദൾ കോർ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനമുണ്ടാകും.

സംസ്ഥാനത്തെ 13 സീറ്റിൽ ഏഴെണ്ണം ബി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. ചർച്ച പുരോഗമിക്കുകയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എസ്.എസ്. ഛന്നി പറഞ്ഞു. അകാലിദൾ കോർ കമ്മിറ്റിക്ക് ശേഷം ബി.ജെ.പിയുമായി വീണ്ടും ചർച്ചയുണ്ടാകും. അന്തിമ തീരുമാനം ബി.ജെ.പി കേന്ദ്ര നേതൃത്വം കൈക്കൊള്ളും.

സംസ്ഥാന ഭരണം നഷ്‌ടപ്പെട്ട ശേഷം ബി.ജെ.പിയുമായി ഭിന്നതയിലായിരുന്ന അകാലിദൾ വിവാദ കർഷക നിയമങ്ങളുടെ പേരിലാണ് 2020 സെപ്റ്റംബറിൽ സഖ്യം ഉപേക്ഷിച്ചത്. എങ്കിലും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്', പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളിൽ അകാലിദൾ എൻ.ഡി.എയ്‌ക്ക് പിന്തുണ നൽകിയിരുന്നു. 2019ൽ ബി.ജെ.പിയും അകാലിദളും ഒന്നിച്ചാണ് മത്സരിച്ചത്. ഇരു പാർട്ടികൾക്കും രണ്ടു വീതം സീറ്റുകൾ കിട്ടി. എട്ടിലും കോൺഗ്രസ് വിജയിച്ചു. ആം ആദ്മി ഒരു സീറ്റും നേടി.

Advertisement
Advertisement