പവാറിന് 'കാഹളം മുഴക്കും മനുഷ്യൻ' അജിത്തിന് നിബന്ധനയോടെ ക്ലോക്ക്'

Wednesday 20 March 2024 12:11 AM IST

ന്യൂഡൽഹി: ശരദ് പവാർ വിഭാഗത്തിന് 'കാഹളം മുഴക്കും മനുഷ്യൻ' ചിഹ്നം അനുവദിക്കണമെന്ന നിലപാടെടുത്ത് സുപ്രീംകോടതി. ഇന്നലെ എൻ.സി.പി തർക്കം പരിഗണിക്കുകയായിരുന്നു കോടതി. ലോക്സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശരദ് പവാർ വിഭാഗത്തിനായി ഈ ചിഹ്നം മാറ്റിവയ്ക്കണമെന്നും മറ്റു രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ അജിത് പവാർ വിഭാഗത്തിനോ അനുവദിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി. ചിഹ്നം അനുവദിക്കാൻ ആവശ്യമായ നടപടി കമ്മിഷൻ സ്വീകരിക്കണം. കമ്മിഷൻ അനുവദിച്ച 'എൻ.സി.പി - ശരദ് ചന്ദ്ര പവാർ" എന്ന പേര് ഉപയോഗിക്കുന്നത് തുടരാം. അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ.സി.പിയായി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ ശരദ് പവാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്. 2023 ജൂലായിലാണ് അജിത് വിഭാഗം ബി.ജെ.പി പക്ഷത്തെത്തിയത്. മഹാരാഷ്ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അജിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുകയും ചെയ്തു.

ചിഹ്നം നിബന്ധനകളോടെ

തിരഞ്ഞെടുപ്പുകളിൽ അജിത് വിഭാഗത്തിന് 'ക്ലോക്ക്' ചിഹ്നം ഉപയോഗിക്കാം. പക്ഷെ ചിഹ്ന തർക്കം കോടതിയുടെ പരിഗണനയിലാണെന്നും അനുമതി അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി ഇംഗ്ലീഷ്, മറാത്തി, ഹിന്ദി പത്രങ്ങളിൽ പബ്ലിക് നോട്ടീസ് നൽകണം. പ്രചാരണ പോസ്റ്ററുകളിലും പരസ്യങ്ങളിലും അടക്കം ഇത് രേഖപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ശരദ് പവാറിന്റെ പേരോ ചിത്രമോ പ്രചാരണ സാമഗ്രികളിൽ ഉപയോഗിക്കരുതെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. രാജ്യത്തൊരിടത്തും ഉപയോഗിക്കരുത്.

Advertisement
Advertisement