പ്രചാരണ തന്ത്രങ്ങളുടെ കുടമാറ്റം

Wednesday 20 March 2024 12:56 AM IST

തൃശൂർ: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുളള വിവാദമായിരുന്നു തിങ്കളാഴ്ച പ്രചാരണവഴികളെ ചൂടുപിടിപ്പിച്ചതെങ്കിൽ, ഇന്നലെ പ്രചാരണത്തിനെത്തിയ വീടുകളെക്കുറിച്ചായി ചർച്ച. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സഹോദരിയുടെ വസതിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി എത്തിയതും കെ.മുരളീധരൻ്റെ പ്രതികരണവുമായിരുന്നു നിറഞ്ഞുനിന്നത്. സന്ദർശനത്തിൽ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും വോട്ടഭ്യർത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയപ്പോൾ, ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ലെന്ന് കെ.മുരളീധരൻ തിരിച്ചടിച്ചു. വീട്ടിൽ വരുന്നത് ശത്രുക്കളാണെങ്കിൽ പോലും മാന്യമായിട്ടേ പെരുമാറൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കുത്തിത്തിരിപ്പുണ്ടായില്ലെങ്കിൽ കലാമണ്ഡലം ഗോപിയുടെ വീട്ടിൽ പോകാനുള്ള ശ്രമം തുടരുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചതും ചർച്ചയായി. എന്തായാലും, വരുംദിവസങ്ങളിലും പ്രചാരണ തന്ത്രങ്ങൾ മുന്നണികൾ മാറ്റിപ്പണിയുമെന്നാണ് സൂചന.

തുടക്കത്തിലേ ലെെവ്, ഇപ്പോഴും...

മാസങ്ങൾക്കു മുൻപേ തിരഞ്ഞെടുപ്പ് തരംഗമുണ്ടായ തൃശൂർ, കൂടുതൽ ലെെവാകുന്നതും രംഗം കൊഴുക്കുന്നതുമാണ് കാണുന്നത്. അതിശക്തമായ രാഷ്ട്രീയ പോരാട്ടത്തിൽ ഫലം പ്രവചനാതീതമാകുകയാണ്. സ്ഥാനാര്‍ത്ഥികളില്‍ ആരും പുതുമുഖമല്ല. പ്രചാരണ സ്ഥലങ്ങളിൽ മൂവരും പരിചിതർ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കെ.മുരളീധരനും തൃശൂരിൽ മത്സരിച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് മൂന്ന് തവണ വി.എസ്.സുനിൽകുമാർ നിയമസഭയിലേക്ക് ജയിച്ചു കയറി. ഒരു തവണ മന്ത്രിയുമായി. വ്യക്തിപരിചയവും ബന്ധങ്ങളുമെല്ലാം തുണയാക്കി മണ്ഡലത്തിൻ്റെ അടിത്തട്ടിലേക്ക് വരെ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യമെത്തുന്നുണ്ട്.

വിശ്വാസത്തിൽ പിടിച്ച്...

തുടക്കത്തിലേ വിശ്വാസികളുടെ വിശ്വാസം നേടിയെടുക്കാനുള്ള തന്ത്രമായിരുന്നു മുന്നണികളുടേത്. ക്ഷേത്രങ്ങളിലും മുസ്ളീം, ക്രിസ്ത്യൻ പള്ളികളിലും സ്ഥാനാർത്ഥികൾ സജീവമായി. മതചടങ്ങുകളും ആചാരങ്ങളിലും ഉത്സവങ്ങളിലും പങ്കാളികളായി. അതിരൂപതയുടെ പാലയൂർ തീർത്ഥാടനം നടന്ന ഞായറാഴ്ച മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥകേന്ദ്രത്തിലെത്തി. ആരോടും വോട്ടു ചോദിക്കാതെയും തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാതെയുമായിരുന്നു പര്യടനം.

സ്വകാര്യസ്ഥാപനങ്ങളിൽ സന്ദർശിക്കുന്നതിലും മതസാമുദായിക നേതാക്കളെയും വ്യവസായപ്രമുഖരെയും കാണുന്നതിലും സ്ഥാനാർത്ഥികൾ മത്സരിച്ചു. തൃശൂർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ പ്രചാരണത്തിൻ്റെ ആദ്യഘട്ടങ്ങളിൽ എത്തിക്കഴിഞ്ഞു. പൊതുസമ്മേളനങ്ങൾക്കായി ദേശീയ നേതാക്കളെത്തുന്നത് മിക്കവാറും അടുത്ത മാസത്തിലാകും. കൺവെൻഷനുകൾ സജീവമായി നടക്കുന്നുണ്ട്. നിരവധി ഉത്സവം കൂടി നടക്കാനുള്ളതിനാൽ ആ തിയതികൾ ഒഴിവാക്കിയാകും പ്രചാരണപരിപാടികൾ മുന്നണി നേതൃത്വം നിശ്ചയിക്കുക.

വിവാദങ്ങളുടെ കുടമാറ്റം

ആരാധനാലയ സന്ദർശനവും കിരീടവും

ഫേസ് ബുക്ക് പോസ്റ്റ്

പ്രമുഖരുടെ വീട് സന്ദർശനം

Advertisement
Advertisement