ഭിന്നശേഷിക്കാർക്കും 85 ന് മുകളിലുള്ളവർക്കും ഹോംവോട്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കം സജീവം
തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടർമാർക്ക് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് കളക്ടർ വി.ആർ.കൃഷ്ണ തേജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 85 വയസിലധികം പ്രായമുള്ളവർക്കും, 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായവരെന്ന് സാക്ഷ്യപത്രമുള്ളവർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ ഹോം വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പോസ്റ്റൽ വോട്ടിംഗിനായി ഫോം 12 ഡി ബൂത്ത് ലെവൽ ഓഫീസർമാർ വിതരണം തുടങ്ങി. മൈക്രോ ഒബ്‌സെർവർ അടക്കമുള്ള പ്രത്യേക പോളിംഗ് ടീം മുൻകൂർ അറിയിപ്പോടെ ഇവരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ഈ വോട്ടർമാരുടെ പട്ടിക, സന്ദർശന സമയം സംബന്ധിച്ച് സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും അറിയിക്കും. ഇത്തരത്തിൽ ഹോം വോട്ടിംഗ് സൗകര്യം സ്വീകരിച്ച വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ അർഹതയുണ്ടാവില്ല. സ്ത്രീകളുടെ നേതൃത്വത്തിൽ പൂർണമായും പ്രവർത്തിക്കുന്ന പോളിംഗ് ബൂത്തുകളും 10 ശതമാനം മാതൃകാ പോളിംഗ് ബൂത്തുകളും സജ്ജമാക്കും. വാർത്താ സമ്മേളനത്തിൽ സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, എ.ഡി.എം ടി.മുരളി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.
വോട്ടർമാരുടെ എണ്ണം
ആകെ വോട്ടർമാർ : 25,90,721
സ്ത്രീകൾ : 13,52,552
പുരുഷൻമാർ : 12,38,114
ട്രാൻസ്‌ജെൻഡർ : 55
85 വയസിലധികം പ്രായമുള്ളവർ 25489
ഭിന്നശേഷിക്കാർ : 26,747
ആകെ പോളിംഗ് സ്റ്റേഷനുകൾ : 2319
സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി
ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന് സബ് കളക്ടർ മുഹമ്മദ് ഷെഫീക്കിനെയും ചെലവ് നിരീക്ഷണത്തിന് ഫിനാൻസ് ഓഫീസറെയും നോഡൽ ഓഫീസറായി നിയോഗിച്ചു. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി (എം.സി.എം.സി.), വിവിധ സ്‌ക്വാഡുകൾ എന്നിവയും രൂപീകരിച്ചു.
നാമനിർദേശ പത്രികാ സമർപ്പണം : ഏപ്രിൽ 4
സൂക്ഷ്മ പരിശോധന : അഞ്ച്
പിൻവലിക്കാനുള്ള അവസാന തീയതി എട്ട്.
വോട്ടെടുപ്പ് 26
വോട്ടെണ്ണൽ ജൂൺ നാല്