ഭർത്താവിനെ കൂറ്റൻ മുതല വിഴുങ്ങി; സാഹസികമായി രക്ഷിച്ച് പുറത്തെടുത്ത് ഭാര്യ
കേപ് ടൗൺ: മുതല വിഴുങ്ങിയ ഭർത്താവിനെ അത്ഭുതകരമായി രക്ഷിച്ച് ഭാര്യ. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ആന്റണി ജോബർട്ട് (37) എന്നയാളാണ് മുതലയുടെ വായിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. മകനോടൊപ്പം മീൻ പിടിക്കുന്നതിനിടെയാണ് ആന്റണിയെ 13 അടി വലിപ്പമുള്ള ഭീമൻ മുതല ആക്രമിച്ചത്.
ഭാര്യ അന്നാലൈസിനും മകനുമൊപ്പം ദക്ഷിണാഫ്രിക്കയിലുള്ള ഒരു ഡാമിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ദുരന്തം കുടുംബത്തെ തേടിയെത്തിയത്. 12 വയസുള്ള മകൻ മീൻ പിടിക്കുന്നതിനിടെ ചൂണ്ട വെള്ളത്തിൽ കുടുങ്ങിയതോടെയാണ് അപകടങ്ങൾ ആരംഭിച്ചത്. ചൂണ്ടയുടെ കുരുക്ക് അഴിക്കാൻ ആന്റണി തടാകത്തിനുള്ളിൽ ഇറങ്ങി. കഷ്ടിച്ച് ഒരടി മാത്രം അകലെ വലിയ അപകടമാണ് ആന്റണിയെ കാത്തിരുന്നത്. വെള്ളത്തിൽ ഇറങ്ങിയതും പതിയിരുന്ന മുതല കാലിൽ കടിമുറുക്കി. ശരവേഗത്തിൽ ആന്റണിയുടെ പകുതിയോളം ശരീരഭാഗവും വായ്‌ക്കുള്ളിലാക്കി.
ഇത് കണ്ട അന്നാലൈസ് ഉടൻതന്നെ സമീപത്ത് കിടന്ന ഒരു തടിക്കഷ്ണമെടുത്ത് മുതലയുടെ തലയിൽ ആഞ്ഞടിക്കാൻ തുടങ്ങി. തുടർച്ചയായി തലയ്‌ക്ക് ശക്തമായ അടിയേറ്റതോടെ മുതല വാ തുറന്നു. ഈ സമയം കുടുംബത്തോടൊപ്പം ഡാമിലെത്തിയ ആന്റണിയുടെ ബോസ് ജോഹാൻ വാൻ ഡെർ കോൾഫ് ഇവരെ സഹായിക്കാനെത്തി. ഇയാൾ ആന്റണിയെ മുതലയുടെ വായിൽ നിന്ന് വലിച്ച് പുറത്തേക്കിട്ടു. ഇതിനിടെ മുതല തടാകത്തിലേക്ക് മറയുകയും ചെയ്തു.
ആന്റണിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സയ്‌ക്ക് വിധേയനാക്കി. ആന്റണിയുടെ വയറ്റിൽ നിന്നും ആഴത്തിലിറങ്ങിയ മൂന്ന് മുതലപ്പല്ലുകൾ പുറത്തെടുത്തു. ഇയാളുടെ ശരീരത്തിലാകെ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ട്. നിലവിൽ ആന്റണിയുടെ ചികിത്സയ്‌ക്കായി സഹായം അഭ്യർത്ഥിച്ച് കുടുംബം ഫേസ്‌ബുക്കിൽ ഒരു പേജ് ആരംഭിച്ചിട്ടുണ്ട്.