'ഇത് തമിഴന്റെ രീതിയല്ല,​ പ്രതികരിക്കാൻ  തമിഴ്‌നാട്ടിൽ  ആളില്ലെന്ന്  മലയാളികൾ  കരുതരുത്'; ജയമോഹനെതിരെ ഭാഗ്യരാജ്

Wednesday 20 March 2024 3:51 PM IST

മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ തമിഴ്- മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതികരിച്ച് തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ്. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ലെന്നും തമിഴ‌ർ മറ്റുള്ളവരെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരാണെന്നും ഭാഗ്യരാജ് വ്യക്തമാക്കി. ആൻഡ്രിയ ജെറമിയ നായികയാകുന്ന 'കാ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

' ഇത് വിവാദമുണ്ടാക്കുമെന്ന് തനിക്കറിയാം. പക്ഷേ ഇത് പറയാതെ വയ്യ. കേരളത്തിനെക്കാൾ തമിഴ്‌നാട്ടിലാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' ഹിറ്റായത്. അതിൽ സന്തോഷമുണ്ട്. പക്ഷേ ഈ ചിത്രത്തെ വിമർശിക്കാൻ ഒരു തമിഴ് എഴുത്തുകാരൻ വളരെ താഴ്ന്ന നിലയിലേക്ക് പോയി. ഇത് സങ്കടകരമാണ്. സിനിമയുടെ തെറ്റുകുറ്റങ്ങളെയാണ് വിമർശിച്ചതെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അദ്ദേഹം വ്യക്തിപരമായ പരാമ‌ർശങ്ങളാണ് നടത്തിയത്. അങ്ങനെ പറയുന്നത് തമിഴന്റെ സംസ്കാരമല്ല. സിനിമയിൽ തമിഴരെ ചിത്രീകരിക്കുന്ന രീതിയോ അത്തരത്തിലുള്ള കാര്യങ്ങളോ ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അത് വിമർശനമായി കണക്കാക്കാം. എന്നാൽ കേരളീയരെ വ്യക്തിപരമായി ആക്രമിച്ചത് വളരെ മോശമായിപ്പോയി.ഇങ്ങനെയൊന്ന് സംഭവിച്ചിട്ട് അതിൽ പ്രതികരിക്കാൻ തമിഴ്‌നാട്ടിൽ ആളില്ലെന്ന് മലയാളികൾ കരുതരുത്.' - ഭാഗ്യരാജ് പറഞ്ഞു.

'മഞ്ഞുമ്മൽ ബോയ്‌സ് കുടികാര പൊറുക്കികളിൻ കൂത്താട്ടം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ജയമോഹന്റെ ബ്ളോഗാണ് വിവാദമായത്. മഞ്ഞുമ്മൽ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും പല മലയാള സിനിമകളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്‌‌‌കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹൻ ആരോപിച്ചിരുന്നു.