സദ്‌ഗുരു ജഗ്ഗി വാസുദേവിന് അടിയന്തര മസ്‌തിഷ്‌ക ശസ്‌ത്രക്രിയ നടത്തി; ആരോഗ്യനില മെച്ചപ്പെടുന്നു

Wednesday 20 March 2024 8:14 PM IST

ന്യൂഡൽഹി: ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയാചാര്യനുമായ ജഗ്ഗി വാസുദേവിനെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. മാർച്ച് 17ന് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു ശസ്‌ത്രക്രിയ. ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നാല് ആഴ്‌ചകളോളമായി കടുത്ത തലവേദന അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നതായാണ് വിവരം. ഇതിനിടെ അസ്വസ്ഥതകൾ വകവയ്‌ക്കാതെ വിവിധ പരിപാടികളിലും സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. മാർച്ച് 15ഓടെ നില അൽപംകൂടി വഷളായതോടെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ എത്തിച്ചു.എം ആർ ഐ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി തെളിഞ്ഞു. തുടർന്ന് ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. സബ് ഡ്യൂറൽ ഹെമറ്റോമയെന്ന് സംശയം തോന്നിയതിനാലാണ് പരിശോധന നടത്തിയത്. ന്യൂറോ വിദഗ്ദ്ധൻ ഡോ. വിനീത് സൂരി, ഡോ.പ്രണബ് കുമാർ, ഡോ.സുധീർ‌ ത്യാഗി, ഡോ.എസ് ചാറ്റർജി എന്നിവരുടെ സംഘമാണ് സദ്ഗുരുവിനെ ചികിത്സിക്കുന്നത്.

മാർച്ച് എട്ടിന് മഹാ ശിവരാത്രി ആഘോഷങ്ങളിലും മാർച്ച് 15ന് പതിവ് ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ആരോഗ്യനില മോശമായത്. തലച്ചോറിൽ നീർ‌വീക്കം ഗണ്യമായി ഉയർന്നതാണ് ശസ്‌ത്രക്രിയ ഉടൻ നടത്താൻ ഇടയാക്കിയത്.