'ഇനി വണ്ടി ഞാന്‍ ഓടിക്കാം'; മദ്യപിച്ച് ലെക്ക് കെട്ട് വിമാനം പറത്താനെത്തി പൈലറ്റ്, പിന്നീട് സംഭവിച്ചത്

Wednesday 20 March 2024 10:06 PM IST

ലണ്ടന്‍: വിമാനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിനെതിരെ നടപടി. ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിനെ പത്ത് മാസം തടവ് ശിക്ഷയ്ക്കാണ് വിധിച്ചത്. സ്‌കോട്ട്ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനെയാണ്(63) കോടതി ശിക്ഷിച്ചത്.

2023 ജൂണ്‍ 16നാണ് സംഭവം. ടേക്കോഫിന് ഒന്നര മണിക്കൂര്‍ മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തിയിരുന്നു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു.

രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി. കോടതിയില്‍ ലോറന്‍സ് റസല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സ്‌കോട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗ് കോടതിയാണ് 63 കാരനെ ശിക്ഷിച്ചത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ ഇയാള്‍ അശ്രദ്ധ കാണിച്ചയായും കോടതി നിരീക്ഷിച്ചു. യു.എസില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ലോറന്‍സ് റസലിനെതിരെ നേരത്തെയും രണ്ട് കേസുകളുണ്ട്.