മുഖ്യമന്ത്രിയുടെ വീട്ടില്‍ ഇഡി സംഘം, നീക്കം അറസ്റ്റ് തടയാന്‍ കോടതി വിസമ്മതിച്ചതിന് പിന്നാലെ; കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു

Thursday 21 March 2024 7:29 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യ നയ കേസിസില്‍ കുരുക്ക് മുറുകുന്നു. അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ പുതിയ നീക്കം. സമന്‍സ് നല്‍കാനാണ് എത്തിയതെന്നാണ് ഇ.ഡി നല്‍കുന്ന വിശദീകരണം.

എട്ട് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കെജ്രിവാളിന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സംഘം കടന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, കെജ്രിവാള്‍ വസതിയിലുണ്ടോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെ സ്ഥിരീകരണമില്ല.

ഡല്‍ഹി മദ്യനയകേസില്‍ ഒമ്പത് തവണ കെജ്രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകരുതെന്ന കെജ്രിവാളിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് തടയാന്‍ വിസമ്മതിക്കുകയായിരുന്നു. ഇ.ഡി സംഘത്തിന്റെ കയ്യില്‍ പരിശോധന നടത്താനുള്ള വാറന്റ് ഉണ്ടെന്നാണ് വിവരം.

അതേസമയം മദ്യനയ കേസില്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പകപോക്കുകയാണെന്നും ഏത് സമയത്തും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും മുമ്പ് കെജ്രിവാള്‍ തന്നെ പറഞ്ഞിരുന്നു.