അന്ധർക്ക് കാഴ്ച നൽകാൻ മസ്‌കിന്റെ വിഷൻ ചിപ്പ്

Friday 22 March 2024 4:38 AM IST

ന്യൂയോർക്ക്: കാഴ്ച ഇല്ലാത്തവർക്ക് കാഴ്ച നൽകുന്ന വിഷൻ ചിപ്പ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുന്ന ടെലിപ്പതി ചിപ്പിന് പിന്നാലെയാണ് ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാവുന്ന പ്രഖ്യാപനം.

അതിനിടെ, തലച്ചോറിൽ ടെലിപ്പതി ചിപ്പ് ഘടിപ്പിച്ച വ്യക്തി തന്റെ ചിന്തകൾ കൊണ്ട് കമ്പ്യൂട്ടറിൽ വീഡിയോ ഗെയിമും ചെസും കളിക്കുന്ന ദൃശ്യങ്ങൾ ന്യൂറാലിങ്ക് എക്സിൽ ലൈവായി പുറത്തുവിട്ടു.

'ബ്ലൈൻഡ് സൈ​റ്റ്' എന്നാണ് കാഴ്ചയില്ലാത്തവർക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യുടെ പേര്. ടെലിപ്പതി ചിപ്പ് പൂർത്തിയായ ശേഷമേ ഇതിന്റെ ഗവേഷണത്തിലേക്ക് തന്റെ കമ്പനിയായ ന്യൂറാലിങ്ക് കടക്കൂ എന്ന് മസ്‌ക് എക്സിൽ സൂചിപ്പിച്ചു. അന്ധർക്ക് കാഴ്ച സാദ്ധ്യമാക്കുന്ന പദ്ധതി അവതരിപ്പിക്കുമെന്ന് മുമ്പും മസ്ക് സൂചിപ്പിച്ചിട്ടുണ്ട്.

ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച ആദ്യ വ്യക്തിയുടെ ദൃശ്യങ്ങൾ ന്യൂറാലിങ്ക് പുറത്തുവിട്ടു. എട്ട് വർഷം മുമ്പുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേ​റ്റ് ശരീരം തളർന്ന നോളണ്ട് ആർബോ ( 29 ) എന്ന യുവാവിനാണ് ചിപ്പ് ഘടിപ്പിച്ചത്.

 ശസ്ത്രക്രിയ ലളിതം

ശരീരം തളർന്ന രോഗികളെ തലച്ചോറിൽ ഘടിപ്പിച്ച ടെലിപ്പതി ചിപ്പിന്റെ സഹായത്താൽ ചിന്തകൾ കൊണ്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാൻ പ്രാപ്തരാക്കാനുള്ള പരീക്ഷണങ്ങളിലാണ് ന്യൂറാലിങ്ക്. ശസ്ത്രക്രിയ ലളിതമായിരുന്നെന്നും ചിപ്പ് ഘടിപ്പിച്ച തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി വിട്ടെന്നും നോളണ്ട് ആർബോ വ്യക്തമാക്കി. ജനുവരി അവസാനമാണ് ചിപ്പ് സ്ഥാപിച്ചത്. ചിപ്പ് ഘടിപ്പിച്ച വ്യക്തി ചിന്തകൾ കൊണ്ട് കമ്പ്യൂട്ടർ മൗസിനെ നിയന്ത്രിക്കുമെന്ന് മസ്‌ക് വെളിപ്പെടുത്തിയിരുന്നു.

ശാരീരിക വൈകല്യമുള്ളവർക്കും പാർക്കിൻസണും അൽഷിമേഴ്സുമടക്കം ന്യൂറോ രോഗങ്ങൾ ബാധിച്ചവർക്കും ടെലിപ്പതിയിലൂടെ ആശയവിനിമയം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം.