ലക്ഷ്യം റഷ്യയും ചൈനയും,​ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് യു.എസ്

Friday 22 March 2024 6:28 AM IST

ന്യൂയോർക്ക് : ഹൈപ്പർസോണിക് ആയുധ രംഗത്ത് വൻ ശക്തികളുടെ ഒരു പോരാട്ട വേദിയായി മാറുകയാണ് ലോകം. എല്ലാ മേഖലയിലും മുൻ നിരയിൽ സ്ഥാനമുറപ്പിക്കുന്ന യു.എസ് ഈ പോരാട്ടത്തിൽ പ്രധാന എതിരാളികളേക്കാൾ അല്പം പിന്നിലാണ്. അതുകൊണ്ട് തന്നെ, എതിരാളികളായ റഷ്യയേയും ചൈനയേയും മറികടക്കാൻ ഹൈപ്പർസോണിക് മിസൈൽ ടെക്നോളജിയിൽ ഗവേഷണവും വികസന പദ്ധതികളും ഊർജിതമാക്കിയിരിക്കുകയാണ് യു.എസ്.

ഇപ്പോഴിതാ, ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന തന്ത്രപ്രധാനമായ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് യു.എസ് സൈന്യം. എ.ജി.എം - 183 എ.ആർ.ആർ.ഡബ്ല്യുവിന്റെ ( എയർ - ലോഞ്ചഡ് റാപ്പിഡ് റെസ്പോൺസ് വെപ്പൺ ) പരീക്ഷണമാണ് നടന്നത്. മാർച്ച് 17നായിരുന്നു പരീക്ഷണം. ഗുവാമിലുള്ള ആൻഡേഴ്സൺ എയർ ഫോഴ്സ് ബേസിൽ നിന്ന് പറന്നുയർന്ന ഒരു ബി - 52 എച്ച് ബോംബർ വിമാനത്തിൽ നിന്നായിരുന്നു മിസൈലിന്റെ വിക്ഷേപണം. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെയാണ് പരീക്ഷണം സ്ഥിരീകരിച്ച് സൈന്യം രംഗത്തെത്തിയത്. അതേ സമയം, പരീക്ഷണം വിജയിച്ചോ എന്ന് വ്യക്തമാക്കിയിട്ടില്ല. പസഫിക് സമുദ്രത്തിൽ ചൈനയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന യു.എസ് അധീനതയിലുള്ള ദ്വീപാണ് ഗുവാം.

 പരാജയങ്ങൾക്ക് ശേഷം

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ എ.ജി.എം - 183 എ.ആർ.ആർ.ഡബ്ല്യുവിന്റെ പരീക്ഷണങ്ങൾ യു.എസ് തുടങ്ങിയിരുന്നു. 2021ൽ മിസൈലിന്റെ ഒരു പ്രോട്ടോടൈപ്പിന്റെ ലൈവ് - ഫയർ ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ, മിസൈൽ വഹിച്ചിരുന്ന ബി - 52 എച്ച് ബോംബ‌റിന് തകരാർ സംഭവിക്കുകയും മിസൈൽ വിക്ഷേപിക്കാൻ കഴിയാതെ വന്നതോടെയും പരീക്ഷണം പരാജയപ്പെട്ടെന്നുമാണ് റിപ്പോർട്ട്.

അന്നേ വർഷം പരീക്ഷണം വീണ്ടും നടത്തുകയുണ്ടായി. എന്നാൽ, അതും പരാജയമായിരുന്നു. ഇത്തവണ ബി - 52 എച്ച് ബോംബ‌റിൽ നിന്ന് മിസൈലിനെ വിജയകരമായി വേർപെടുത്താൻ സാധിച്ചെങ്കിലും റോക്കറ്റ് എൻജിൻ ജ്വലിക്കാതെ പോയത് തിരിച്ചടിയായി.

മിസൈലിന്റെ നോസ് കോണിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന V ആകൃതിയിലുള്ള ഹൈപ്പർ സോണിക് ബൂസ്റ്റ് - ഗ്ലൈഡ് വെഹിക്കിളിന്റെ വേഗത വർദ്ധിപ്പിക്കാൻ അതിന്റെ റോക്കറ്റ് ബൂസ്റ്റർ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് എ.ആർ.ആർ.ഡബ്ല്യു രൂപകല്പന ചെയ്തിരിക്കുന്നത്. നോസ് കോണിന് ഇതിനാവശ്യമായ ഉയരവും വേഗതയും നൽകാനാകും. പിന്നീട് മിസൈലിൽ നിന്ന് ഇത് വേർപിരിയുകയും ഹൈപ്പർ സോണിക് ബൂസ്റ്റ് - ഗ്ലൈഡ് വെഹിക്കിൾ നിശ്ചിത സഞ്ചാരപാതയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് ഹൈപ്പർ സോണിക് വേഗതയിൽ കുതിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം നടന്ന മൂന്ന് പരീക്ഷണങ്ങളിൽ ഒരെണ്ണം പരാജയപ്പെട്ടിരുന്നു. രണ്ടെണ്ണത്തിന്റെ വിവരങ്ങൾ യു.എസ് വെളിപ്പെടുത്തിയിട്ടില്ല.

 മുന്നിൽ റഷ്യ

ഹൈപ്പർ സോണിക് സാങ്കേതികവിദ്യയിൽ യു.എസിനേക്കാൾ ഏറെ മുന്നിലാണ് റഷ്യ. അവൻ‌ഗാർഡ്, സിർകോൺ, കിൻഷൽ എന്നീ മൂന്ന് മാരക ഹൈപ്പർസോണിക് ആയുധങ്ങൾ റഷ്യയ്ക്ക് കരുത്തേകുന്നു. 2018ലാണ് ' അവൻ‌ഗാർഡ് " ന്യൂക്ലിയർ ഹൈപ്പർ‌സോണിക് മിസൈൽ സിസ്റ്റം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ആർക്കും കീഴടക്കാനാകാത്തതെന്നാണ് തങ്ങളുടെ ഹൈപ്പർസോണിക് ആയുധങ്ങളെ പുട്ടിൻ വിശേഷിപ്പിച്ചത്.

അതേ സമയം, ചൈനയും റഷ്യയ്ക്ക് പിന്നാലെ ഹൈപ്പർസോണിക് രംഗത്ത് ആധിപഥ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ വഹിക്കാൻ ശേഷിയുള്ള ഡി.എഫ് - 17 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ചൈന മുമ്പ് നടത്തിയിരുന്നു. കൂടാതെ, ഷിംഗ് കോംഗ് - 2 എന്ന ഹൈപ്പർസോണിക് ആയുധവും ചൈന വികസിപ്പിച്ചിരുന്നു.

എതിരാളികളായ ഉത്തര കൊറിയയും ഇറാനും കൂടി ഹൈപ്പർസോണിക് രംഗത്ത് പരീക്ഷണങ്ങൾ ഊർജ്ജിതമാക്കിയതോടെ പ്രതിരോധം ശക്തമാക്കാൻ യു.എസിന് മേൽ കടുത്ത സമ്മർദ്ദം ഉയരുകയായിരുന്നു.

Advertisement
Advertisement