ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ശുഭസൂചന; റൺവേയിൽ വീണ്ടും പറന്നിറങ്ങി 'പുഷ്‌പക്', പരീക്ഷണം വിജയകരം

Friday 22 March 2024 10:30 AM IST

ബംഗളൂരു: ഐഎസ്‌ആർഒയുടെ പുനരുപയോഗ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പുഷ്‌പകിന്റെ ലാൻഡിംഗ് പരീക്ഷണം വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്‌റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറി ലാൻഡ് ചെയ്തു.

ആർഎൽവിയുടെ മൂന്നാമത്തെ ലാൻഡിംഗ് ദൗത്യമാണ് നടന്നത്. 2016ലും കഴിഞ്ഞ ഏപ്രിലിലുമായിരുന്നു മുമ്പ് വിജയകരമായ പരീക്ഷണങ്ങൾ നടന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ റീയൂസബിൾ ലോഞ്ചിംഗ് വെഹിക്കിൾ വികസിപ്പിച്ചതെന്ന് ഐഎസ്‌ആർഒ അധികൃതർ അറിയിച്ചു.

' ഏറ്റവും മികച്ച രീതിയിൽ ബഹിരാകാശ ദൗത്യം നടത്താനായി ഇന്ത്യ നിർമിച്ചതാണ് പുഷ്പക്. ഭാവിയിലെ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമാണ് ഈ പേടകം. ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിനുള്ള അത്യാധുനിക സാങ്കേതികതയും ഈ ബഹിരാകാശ പേടകത്തിനുണ്ട്.' - ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി.

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഐഎസ്‌ആർഒയുടെ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്. ഗതിനിർണയ സംവിധാനങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, ലാൻഡിംഗ് ഗിയർ ഉൾപ്പെടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യക്ഷമത വീണ്ടും ഈ പരീക്ഷണത്തിലൂടെ ഐഎസ്‌ഐർഒ പരിശോധിച്ചു.

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റും ഐഎസ്‌ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റും ചേർന്നാണ് ഈ പരീക്ഷണ ദൗത്യം സംഘടിപ്പിച്ചത്. വ്യോമസേനയുൾപ്പെടെ വിവിധ ഏജൻസികളും ദൗത്യത്തിന് പിന്തുണ നൽകി. ദൗത്യത്തിന് നേതൃത്വം നൽകിയ സംഘത്തെ എസ് സോമനാഥ് അഭിനന്ദിച്ചു.