കേജ്‌രിവാളിന്റെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് ആംആദ്മി മാർച്ചിൽ സംഘർഷം രൂക്ഷം, അതീഷിയടക്കം രണ്ട് മന്ത്രിമാർ അറസ്റ്റിൽ

Friday 22 March 2024 11:41 AM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഐടിഒ ജംഗ്ഷനിൽ വൻസംഘർഷം. ആംആദ്മി പാർട്ടിയിലെ പ്രമുഖ വനിതാ നേതാക്കളടക്കം നൂറുകണക്കിന് പ്രവർത്തകരാണ് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്. ഡൽഹി മന്ത്രിയായ അതീഷി മർലീനയെയുൾപ്പടെ നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താനായിരുന്നു പ്രവർത്തകരുടെ ശ്രമം. ഇതിനിടയിലാണ് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനകം തന്നെ നഗരത്തിനകത്ത് വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനടക്കം വിവിധ നേതാക്കൾ പ്രതിഷേധ സ്ഥലത്തെത്തുമെന്നാണ് വിവരം.

അതേസമയം, അരവിന്ദ് കേജ്‌രിവാളിന്റെ കുടുംബത്തിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടു. അരവിന്ദ് കേജ്‌രിവാളിന് കോൺഗ്രസ് പാർട്ടിയുടെ എല്ലാ പിന്തുണയും രാഹുൽ വാഗ്ദ്ധാനം ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പത്ത് മണിയോടെ രാഹുൽ കേജ്‌രിവാളിന്റെ കുടുംബത്തെ സന്ദർശിച്ച് നിയമപിന്തുണ നൽകുന്ന കാര്യത്തെ കുറിച്ചും ചർച്ച ചെയ്തു.