രൂപ റെക്കാഡ് താഴ്ചയിൽ: വിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽ
Saturday 23 March 2024 4:35 AM IST
കൊച്ചി: ഏഷ്യയിലെ പ്രമുഖ നാണയങ്ങൾക്കെതിരെ അമേരിക്കൻ ഡോളർ കരുത്താർജിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ റെക്കാഡ് താഴ്ചയായ 83.42ലേക്ക് മൂക്കുകുത്തി. ഇന്നലെ മാത്രം രൂപയുടെ മൂല്യത്തിൽ 28 പൈസയുടെ കുറവുണ്ടായി. വ്യാഴാഴ്ച രൂപയുടെ മൂല്യം 83.14 ആയിരുന്നു. ചൈനയുടെ യുവാൻ ദുർബലമായതോടെയാണ് ഡോളർ ശക്തിയാർജിച്ചത്. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപായി കയറ്റുമതിക്കാർ ഡോളർ വാങ്ങികൂട്ടിയതും രൂപയ്ക്ക് തിരിച്ചടി സൃഷ്ടിച്ചു. അതേസമയം മാർച്ച് 15ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 64,249 കോടി ഡോളറായി ഉയർന്ന് പുതിയ റെക്കാഡിട്ടു. രൂപയ്ക്ക് സ്ഥിരത നൽകാനായി റിസർവ് ബാങ്ക് ഡോളർ വാങ്ങികൂട്ടിയതും സ്വർണ വിലയിലെ കുതിപ്പും വിദേശ നാണയ ശേഖരത്തിന്റെ മൂല്യം ഉയർത്തി.