'ക്യാൻസർ കണ്ടെത്തി, കീമോതെറാപ്പി ആരംഭിച്ചിരിക്കുകയാണ്'; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കേറ്റ് മിഡിൽടൺ, വീഡിയോ
ലണ്ടൻ: വേൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കേറ്റ് മിഡിൽടണുമായി ബന്ധപ്പെട്ട് ഏറെനാളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. തനിക്ക് ക്യാൻസർ ആണെന്നും ചികിത്സാർത്ഥം കീമോതെറാപ്പി ആരംഭിച്ചുവെന്നും കേറ്റ് തന്നെ അറിയിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.
'ജനുവരിയിൽ നടന്ന ശസ്‌ത്രക്രിയയ്ക്ക് ശേഷം നടന്ന പരിശോധനകളിലാണ് ക്യാൻസർ കണ്ടെത്തിയതെന്ന് കേറ്റ് വീഡിയോയിൽ വ്യക്തമാക്കി. പൊതുജനങ്ങൾ ഇക്കാര്യം അറിയുന്നതിനും അഭ്യൂഹങ്ങൾ അവസാനിപ്പിക്കുന്നതിനുമാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു.
ഞാനിപ്പോൾ കീമോതെറാപ്പിയുടെ പ്രാരംഭഘട്ടത്തിലാണ്. ക്യാൻസർ കണ്ടെത്തിയപ്പോൾ ഞാനും വില്യവും വലിയ നടുക്കത്തിലായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ നന്മയ്ക്കായി ഈ സാഹചര്യം വളരെ സ്വകാര്യമായി കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങൾ കുടുംബത്തിന് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിരുന്നാലും വളരെ മികച്ചൊരു മെഡിക്കൽ സംഘമാണ് എന്റെ ചികിത്സയുടെ കാര്യങ്ങൾ നോക്കുന്നത്. അതിൽ ഞാൻ കൃതാർത്ഥയാണ്.
കഴിഞ്ഞ ജനുവരിയിൽ ലണ്ടനിൽ വച്ച് എനിക്കൊരു ഉദരശസ്‌ത്രക്രിയ നടന്നിരുന്നു. അത് ക്യാൻസർ അല്ല എന്നാണ് കരുതിയിരുന്നത്. ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും ഇതിനുശേഷം നടന്ന പരിശോധനകളിലാണ് ക്യാൻസറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്നാണ് മെഡിക്കൽ സംഘം കീമോതെറാപ്പി ആരംഭിക്കാൻ നിർദേശിച്ചത്.
ചികിത്സാകാലയളവിൽ വില്യമിന്റെ സാന്നിദ്ധ്യം എനിക്ക് വളരെ ആശ്വാസവും ഉറപ്പും നൽകുന്നതായിരുന്നു. ശസ്ത്രക്രിയ ഭേദമാകുന്നതിലും ക്യാൻസർ ചികിത്സ ആരംഭിക്കുന്നതിനും വളരെയധികം സമയം വേണ്ടിവന്നു. എന്നിരുന്നാലും മക്കളോട് ഈ വിവരം പങ്കുവയ്ക്കാനാണ് ഞങ്ങൾ ഏറെ സമയമെടുത്തത്'- കേറ്റ് മിഡിൽടൺ വ്യക്തമാക്കി.
A message from Catherine, The Princess of Wales pic.twitter.com/5LQT1qGarK
— The Prince and Princess of Wales (@KensingtonRoyal) March 22, 2024