സിദ്ധാർത്ഥ് മരിച്ച ദിവസം ഹോസ്റ്റലിലുളളവർ കൂട്ടത്തോടെ സിനിമ കാണാൻ പോയി, കോളേജിൽ നടത്തിയത് ഒപ്പിടൽ ശിക്ഷ, കൂടുതൽ വിവരങ്ങൾ പുറത്ത്

Saturday 23 March 2024 12:10 PM IST

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ജെ എസ് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആന്റി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോർട്ട്. സിദ്ധാർത്ഥ് കോളേജിനുളളിൽ ഒപ്പിടൽ ശിക്ഷയും അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മരിക്കുന്നതിന് മുൻപ് എട്ട് മാസത്തോളം യുവാവ് കോളേജ് യൂണിയൻ പ്രസി‌ഡന്റായ അരുണിന്റെ മുറിയിൽ പോയി ഒപ്പിട്ടിരുന്നുവെന്നാണ് സഹപാഠിയുടെ വെളിപ്പെടുത്തൽ. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാർത്ഥിന് നൽകിയതെന്നും സഹപാഠി പറഞ്ഞു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള പ്രതിപ്പട്ടികയിലുളള വിദ്യാർത്ഥിയാണ് അരുൺ.

സിദ്ധാർത്ഥ് കോളേജിലെ ജനപ്രിയനായ വിദ്യാർത്ഥിയാണെന്ന അസൂയ കൊണ്ടാണ് പ്രതികൾ ആക്രമം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹോസ്റ്റലിന് സമീപത്തെ കുന്നിൻ മുകളിൽ വച്ച് സിദ്ധാർത്ഥിനെ പ്രതികൾ മർദ്ദിക്കുമ്പോഴും ഒരു പെൺകുട്ടി ഒപ്പമുണ്ടായിരുന്നു എന്നും അന്തിമ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത് തെളിയിക്കുന്ന തെളിവുകളോ സാക്ഷി മൊഴികളോ ഒന്നും ലഭ്യമല്ല. അതിനാൽ തന്നെ കൂടുതൽ അന്വേഷണത്തിനായി പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവ ദിവസം ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഉച്ചയ്ക്ക് മുൻപ് തന്നെ കൂട്ടത്തോടെ ബത്തേരിയിലും കൽപ്പറ്റയിലും സിനിമ കാണാൻ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഈ കൂട്ടത്തിൽ പ്രതിപ്പട്ടികയിലുളളവരുമുണ്ട്. സിനിമ കാണാൻ പോയതിന് പിന്നിൽ ഗൂഡാലോചനയുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ 166 വിദ്യാർത്ഥികളുടെ മൊഴികൾ ആന്റി റാഗിംഗ് സ്ക്വാഡ് എടുത്തിട്ടുണ്ട്. അതേസമയം, കോളേജിലെ സുരക്ഷാ ജീവനക്കാരൻ മൊഴി നൽകാൻ ഹാജരാകാത്തതും സിദ്ധാർത്ഥിനെ മർദ്ദിച്ചതിന് പിന്നാലെ ഹോസ്റ്റലിലെ പാചകക്കാരൻ ജോലി ഉപേക്ഷിച്ചതും സംശയങ്ങൾ കൂട്ടുകയാണ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 20 പ്രതികളും റിമാൻഡിലാണ്.

Advertisement
Advertisement