കരിഞ്ഞുണങ്ങി കൃഷിയിടം, കരഞ്ഞ് വലഞ്ഞ് കർഷകർ

Sunday 24 March 2024 12:46 AM IST

മുണ്ടക്കയം : കത്തുന്ന വേനലിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ കണ്ണീരിൽ കർഷകർ. വിളവെടുപ്പിനു മുന്നേ വാടിയ കുരുമുളക് ചെടിയും വർഷത്തിൽ എല്ലാ മാസവും വിളവു ലഭിച്ചിരുന്ന ജാതി മരങ്ങളും വാടിത്തളർന്നു. പ്രതീക്ഷയോടെ നട്ട വാഴകൾ തണ്ടൊടിഞ്ഞ് കിടക്കുകയാണ്.

എങ്ങും നനയ്ക്കാൻ വെള്ളം കിട്ടാത്ത സ്ഥിതിയാണ്. ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷിയിറക്കിയ ധാരാളം പേർ കനത്ത നഷ്ടം മുന്നിൽക്കാണുന്നു.

മുൻ വർഷങ്ങളിൽ ഇത്രയും ഉണക്ക് ബാധിച്ചിരുന്നി​ല്ല. പച്ചക്കറികൾ രണ്ട് നേരവും നനച്ചില്ലെങ്കിൽ ഉണക്ക് ബാധിക്കും. പയർ, വെണ്ട, ചീര തുടങ്ങിയവയുടെ വിളവെടുപ്പ് സമയമാണിപ്പോൾ. മലയോരമേഖലയിലെ വാഴത്തോട്ടങ്ങളിൽ കുലച്ച വാഴകൾ അടക്കം ഉണങ്ങിയിട്ടുണ്ട്. ജലക്ഷാമമുണ്ടെങ്കിലും കൃത്യമായി നനയ്ക്കുന്ന വാഴകൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്. വിലത്തകർച്ചയ്ക്കു പുറമെയാണ് വേനൽച്ചൂടും കർഷകരെ പ്രഹരിച്ചത്. ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ തുടങ്ങിയവയാണ് മേഖലയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്.

ദേവസ്യയ്ക്ക് നഷ്ടം ലക്ഷങ്ങൾ

മുണ്ടക്കയം പഞ്ചായത്തിലെ 18ാംവാർഡിലെ ഇഞ്ചിയാനി ഭാഗത്തെ ഒന്നരയേക്കറിലെ സകല കൃഷിയും കരിഞ്ഞുണങ്ങിയ സങ്കടത്തിലാണ് ചെറുകാനായിൽ ദേവസ്യ ചാക്കോയും (72), ഭാര്യ ത്രേസ്യാമ്മയും. 1200 മൂട് കായ്ഫലമടങ്ങിയ കുരുമുളക്, 250 കമുക്, കാപ്പി, കുലച്ചതും കുലയ്ക്കാത്തതുമായ 50 വാഴ എന്നിവയെല്ലാം ഉണങ്ങി. കമുക് പൂർണ്ണമായി നശിച്ചു. 40 രൂപ നൽകിയാണ് കുരുമുളക് തൈ വാങ്ങിയത്.

നഷ്ടം സംഭവിച്ചതോടെ ദേവസ്യ കൃഷി ഭവനിലടക്കം പരാതിയുമായി എത്തിയെങ്കിലും പണമില്ലന്ന മറുപടിയാണ് ലഭിച്ചത്. മൂന്നു പെൺ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എല്ലാം നടത്തിയത് കൃഷിയിലെ വരുമാനം കൊണ്ടാണ്. ബാങ്കിലും മറ്റു സ്വകാര്യ ഇടപാട് സ്ഥാപനങ്ങളിലുമായി പത്തു ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. നാലുമാസക്കാലമായി തിരിച്ചടവ് നിലച്ചു.

''1982-83 ൽ ഉണ്ടായ വരൾച്ചയേക്കാൾ ഭീകരമാണിത്. അന്ന് പോലും ഇത്രയും നഷ്ടം സംഭവിച്ചിട്ടില്ല.ദൈനംദിന ചെലവുകൾ നടത്താൻ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈപ്രായത്തിൽ കൃഷിഭൂമിയെ പഴയ നിലയിലെത്തിക്കാൻ കഴിയില്ല.

-ദേവസ്യ ചെറുകാനായിൽ

ജൈവ ലായനി ഗുണകരം

40 കിലോ ചാണകം, 10 ലി​റ്റർ കഞ്ഞി വെള്ളം, 2 കിലോ ശർക്കര എന്നിവ നന്നായി കൂട്ടി ഇളക്കിയ ശേഷം ചണച്ചാക്കിൽ നിറച്ച് വീപ്പയ്ക്കുള്ളിൽ നൂറ് ലി​റ്റർ വെള്ളത്തിൽ 48 മണിക്കൂർ തുടർച്ചയായി വയ്ക്കണം. വെള്ളത്തിൽ പൂർണമായും അലിഞ്ഞ ശേഷം പമ്പ് ഉപയോഗിച്ച് സ്‌പ്രേ ചെയ്താൽ വിളകളെ ഉണക്കിൽ നിന്ന് പ്രതിരോധിക്കാം.

Advertisement
Advertisement