പത്രികാസമർപ്പണത്തിന് പത്തുദിവസം മുമ്പുവരെ അവസരം:
വോട്ടറാകാം 25 വരെ
Saturday 23 March 2024 11:33 PM IST
കാസർകോട്: വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് മാർച്ച് 25 വരെ അവസരം. നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കും. പതിനെട്ടു വയസ് തികഞ്ഞാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ്പ് ഉപയോഗിച്ചോ, ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
തിരഞ്ഞെടുപ്പ് കമ്മിഷൻ പോർട്ടലിൽ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ voters.eci.gov.in മുഖേന മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യണം.ഇംഗ്ലീഷിലും മലയാളത്തിലും അപേക്ഷ എൻട്രികൾ പൂരിപ്പിക്കാം. ന്യൂ രജിസ്‌ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്സ് എന്ന ഓപ്ഷനിൽ (പുതുതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇ മെയിൽ ഐഡി, ജനനത്തീയതി, വിലാസം എന്നീ വിവരങ്ങളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്ത് അപേക്ഷ നൽകണം. ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റ് രേഖകൾ അപ് ലോഡ് ചെയ്യണം. തുടർന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയിൽ പേര് ഉൾപ്പെടുത്തി നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് അയക്കും. ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല . അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയോ അതത് താലൂക്ക് ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം, ബി.എൽ.ഓ എന്നിവിടങ്ങളിൽ നിന്ന് അറിയാൻ സാധിക്കും.