കേജ്‌രിവാളിന്റെ അറസ്റ്റ്,​ പ്രതിപക്ഷം പ്രതീക്ഷിക്കുന്ന സുവർണാവസരം

Monday 25 March 2024 12:50 AM IST

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ നിരയെ ഉലച്ചിട്ടുണ്ടെന്ന് തീർച്ച. ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി പിടികൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനെ പല്ലും നഖവും ഉപയോഗിച്ചാണ് ഇന്ത്യ മുന്നണി എതിർക്കുന്നത്. 'എന്തിനീ ഭയമെന്ന്' അവർ ബി.ജെ.പിയോട് ആവർത്തിച്ചു ചോദിക്കുന്നുമുണ്ട്. തെരുവിലെ പ്രതിഷേധം തുടരാനാണ് ആം ആദ്മി പാർട്ടിയുടെ ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലമർന്നിരിക്കുന്ന രാജ്യം ഈ രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. അഴിമതി ചെയ്താൽ ആരായാലും അകത്തുപോകുമെന്ന ബി.ജെ.പിയുടെ പ്രതികരണവും അന്തരീക്ഷത്തിലുണ്ട്.

മുന്നണിയിലെ

വിള്ളൽ

കേരളത്തിലും ബംഗാളിലും ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിയിലെ വിള്ളൽ പ്രകടമാണ്. കേജ്‌രിവാളിന്റെ അറസ്റ്റോടെ, ഐക്യം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മുന്നണി നേതാക്കൾ എത്തുമോയെന്ന ചോദ്യം പ്രസക്തമാണ്. ഇ.ഡി നടപടിയെ നേതാക്കൾ അപലപിക്കുമ്പോഴും, കേജ്‌രിവാൾ ഇത് അർഹിച്ചിരുന്നുവെന്ന് കോൺഗ്രസിനുള്ളിൽ നിന്ന് പ്രതികരണമുണ്ടായത് കല്ലുകടിയായി. പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ ഖെയ്‌റ തുടങ്ങിയവരാണ് വേറിട്ട ശബ്ദമുയർത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ കോൺഗ്രസിന്റെ പ്രധാന എതിരാളി ആം ആദ്മി പാർട്ടിയാണ്. ഇരുപാർട്ടികളും തമ്മിൽ ഡൽഹി, ഹരിയാന, ഗുജറാത്ത്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗർ എന്നിവിടങ്ങളിൽ സീറ്റു ധാരണയുണ്ടെന്നതാണ് ശ്രദ്ധേയം.

കേജ്‌രിവാളിന്റെ അറസ്റ്റ് രണ്ടു പാർട്ടികൾക്കുമിടയിലെ അകൽച്ച വീണ്ടും കുറച്ചതും രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നാകെ പ്രതിപക്ഷത്തിന്റെ പെട്ടിയിൽ വീഴ്ത്താൻ 'മികച്ച കാരണം' ഉണ്ടായെന്ന് പല നേതാക്കളും കണക്കുകൂട്ടുന്നുണ്ട്. മുന്നണിയിലെ ഭിന്നതയിൽ ഖിന്നരായിരുന്ന പ്രവർത്തകരുടെ മനോവീര്യമുണർത്താനുള്ള സുവർണാവസരമായും കാണുന്നു. അകത്തുള്ള കേജ്‌രിവാൾ ആണോ,​ പുറത്തുള്ള കേജ്‌രിവാൾ ആണോ കരുത്തനെന്ന് അറിയാൻ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാനും നേതാക്കൾ പറയുന്നു. തിരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടാക്കി അതിനെ വോട്ടാക്കി മാറ്റി കേജ്‌രിവാൾ കറുത്ത കുതിരയാകുമോ എന്ന വലിയ ചോദ്യവുമുണ്ട്.

പ്രതിപക്ഷത്തിന്റെ

ആരോപണങ്ങൾ

പ്രതിപക്ഷ ശബ്ദം കേൾക്കപ്പെടാതെ പോകുന്ന രാജ്യം, ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിപക്ഷം നിരന്തരം ആശങ്കയുയർത്തുന്നത്. കേജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിൽ വേദനയുണ്ടാക്കി. ഏകപക്ഷീയ ആക്രമണമാണ് ഉണ്ടാകുന്നത്. ബി.ജെ.പിയിൽ ചേർന്നാൽ കേസുകൾ അലിഞ്ഞുപോകുമെന്നതാണ് സ്ഥിതിയെന്നും പ്രതിപക്ഷം നിരന്തരം ആരോപിക്കുന്നു. പ്രതിപക്ഷത്തെ നേതാക്കൾ ബി.ജെ.പിയിലേക്കു പോകുന്നത്,​ ബി.ജെ.പിയുടെ ആശയത്തിൽ ആകൃഷ്ടരായല്ല; ആദായനികുതി, ഇ.ഡി, സി.ബി.ഐ തുടങ്ങിയവർ കാരണമാണ്. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാൻ പോയതിനെയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അഴിമതി തുടങ്ങിയ ആരോപണങ്ങളുയർത്തി പ്രമുഖരെ ചാടിച്ച് പാർട്ടികൾ പിളർത്തുന്നത് രാഷ്ട്രീയമല്ല; ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്ന് പ്രതിപക്ഷം ഓർമ്മിപ്പിക്കുന്നു.

തിരിച്ചടിച്ച്

ബി.ജെ.പി

ഇത്രയും കാലവും കരുത്തരായ നേതാക്കൾക്കെതിരെ അനങ്ങാൻ കഴിയാതിരുന്ന ഇ.ഡിക്കും സി.ബി.ഐക്കും ഇപ്പോഴാണ് നടപടിയെടുക്കാൻ കഴിയുന്നതെന്ന് ബി.ജെ.പി തിരിച്ചടിക്കുന്നു. ഇ.ഡിയും സി.ബി.ഐയും പ്രമുഖർക്കെതിരെ നടപടിയെടുക്കാത്തതിലായിരുന്നു മുൻപ് ആശങ്ക. ഇപ്പോൾ നടപടിയുണ്ടാകുമ്പോൾ അഴിമതിക്കാരായ പ്രധാന നേതാക്കൾ അതിനെ ചോദ്യം ചെയ്യുകയാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു പറയുന്നു. കേജ്‌രിവാളിന്റെ അറസ്റ്റിനു ശേഷമുള്ള തിരഞ്ഞെടുപ്പ് സാഹചര്യത്തെ ബി.ജെ.പി നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് പ്രസ്താവന നടത്താൻ ലജ്ജയില്ലേ തുടങ്ങിയ പരാമർശങ്ങളുമായി കേജ്‌രിവാളിന്റെ ഭാര്യ സുനിതയെ ലക്ഷ്യമിട്ടുള്ള ആക്രമണവും ആരംഭിച്ചു കഴിഞ്ഞു.

അന്വേഷണങ്ങൾ

ഏകപക്ഷീയം?​

മോദി സർക്കാർ അധികാരമേറ്റ 2014 മുതൽ 2022 വരെ ഇ.ഡി അന്വേഷണത്തിന്റെ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണെന്നാണ് റിപ്പോർട്ടുകൾ. റെയ്ഡുകൾ നേരിട്ട 121 രാഷ്ട്രീയ നേതാക്കളിൽ 115ഉം പ്രതിപക്ഷ നിരയിലുള്ളവരാണ്. യു.പി.എ ഭരണകാലത്ത് 26 നേതാക്കൾക്കെതിരെ അന്വേഷണം നടന്നു. അതിൽ 14 പേർ പ്രതിപക്ഷത്തെയായിരുന്നു. അതായത് 53.85 ശതമാനം. ബി.ജെ.പിയിൽ ചേരുന്ന പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെ പിന്നീട് അന്വേഷണം പുരോഗമിക്കുന്നില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് വിട്ടുവന്ന ശാരദാ ചിട്ടി തട്ടിപ്പുക്കേസിലെ പ്രതിയായ അസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയ്ക്കെതിരെയുള്ള അന്വേഷണം മരവിച്ച മട്ടാണ്. നാരദാ ഒളിക്യാമറ ഓപ്പറേഷനിൽ ആരോപണമുയർന്ന സുവേന്ദു അധികാരി ടി.എം.സി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ശേഷം കേസിൽ കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോർട്ടുകൾ.

Advertisement
Advertisement